Showing posts with label വിദ്യാഭ്യാസ വകുപ്പ്. Show all posts
Showing posts with label വിദ്യാഭ്യാസ വകുപ്പ്. Show all posts

Wednesday, July 20, 2016

കൊടുമുണ്ട സ്കൂളില്‍ വരുത്തിയ മാറ്റങ്ങള്‍

ഒന്നാം അപ്പീല്‍ കൊടുമുണ്ട ഹൈസ്കൂള്‍

TO
      DEO,
      DISTRICT EDUCATIONAL OFFICE,
      OTTAPALAM
   
വിഷയം: അടിസ്ഥാനസൗകര്യങ്ങളെ സംബന്ധിച്ച് പാലക്കാട് ജില്ലയിലെ പട്ടാമ്പി ഗവ: ഹൈസ്കൂളില്‍   സമര്‍പ്പിച്ച  വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയെ  സംബന്ധിച്ച് സമര്‍പ്പിക്കുന്ന അപ്പീല്‍ അപേക്ഷ.

Sir,
      എതിര്‍ കക്ഷി:
                   State Public Information Officer,
                   Govt. High School, 
                   Pattambi, Palakkadu - 679 303
                         
         ഞാന്‍ ഒരു സഞ്ചാരിയും ഫോട്ടോഗ്രാഫറും സാമൂഹ്യപ്രവര്‍ത്തകനും ആണ്.  എട്ട് വര്‍ഷമായി ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. ടി സ്കൂളിലെ  അടിസ്ഥാന സൗകര്യങ്ങളുടെ അതിദയനീയമായ അവസ്ഥയെ കുറിച്ച് മനസ്സിലാക്കിയ ശേഷം അതിനെക്കുറിച്ച് ഞാന്‍ 05/10/13-ല്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച അലസവും, അപൂര്‍ണ്ണവും, തെറ്റിദ്ധരിപ്പിക്കുന്നതും, തെറ്റായതുമായ മറുപടിയാണ് ഈ പരാതിക്ക് ആധാരം. 

I. ടോയ്ലെറ്റുകളേയും ജലലഭ്യതയേയും സംബന്ധിച്ച ഒന്ന് മുതല്‍ മൂന്നു വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി പ്രവൃത്തി സമയങ്ങളില്‍ എല്ലായ്പ്പോഴും  വെള്ളം/കുടിവെള്ളം ലഭ്യമാകാറുള്ളതായും എല്ലാം ടോയ്ലെറ്റുകളും നല്ല ശുചിത്വവുമുള്ളയാണെന്നും   പട്ടാമ്പി ഗവ:ഹൈസ്കൂളിലെ വിവരാവകാശ ഓഫീസര്‍  മറുപടി നല്കിയിരിക്കുന്നു.  എന്നാല്‍ വിവരാവകാശ അപേക്ഷ കൊടുക്കുവാന്‍ ചെന്ന വേളയില്‍ വെള്ളമില്ലാത്ത ടോയ്ലെറ്റുകളുടെ മോശമായ അവസ്ഥ ഞാന്‍ നേരിട്ടും വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും കേട്ടും മനസ്സിലാക്കിയിട്ടുള്ളതാണ്.   ഈ സ്കൂളില്‍ ഇപ്പോഴും പഴയ  അവസ്ഥ  തന്നെയാണെന്നാണ് അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും എനിക്ക് ലഭിച്ച വിവരം.
   
II. നാലാം ചോദ്യമിതാണ്:
"പൊതുവിഷയ തല്പരനായ ഒരു പൗരന്‍ എന്ന നിലയില്‍, ഏതൊരു പ്രവൃത്തി ദിവസത്തിലും താങ്കളുടെ വിദ്യാലയത്തിലെ എല്ലാ മൂത്രപ്പുരകളുടേയും എല്ലാ ടോയ്ലെറ്റുകളുടേയും അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കുവാനും അവയുടെ  തത് സ്ഥിതി   ക്യാമറയില്‍ പകര്‍ത്തുവാനും എനിക്കോ  ഞാന്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കോ   അനുവാദം  നല്‍കുമോ?
               4. എ. ഇല്ലെങ്കില്‍ അതിനുള്ള കാരണം?"

ലഭിച്ച മറുപടി:
    4.  ഈ ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല.

 നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ  പ്രധാന അധ്യാപകന്റെ വിവേചന അധികാരമുപയോഗിച്ചോ നാലാം നമ്പര്‍ ചോദ്യത്തില്‍ ഉന്നയിച്ച ആവശ്യത്തിന്റെ  സാമൂഹ്യപ്രസക്തിയെ കരുതിയോ വിവരാവകാശ ഓഫീസര്‍ മറ്റു ചോദ്യങ്ങള്‍ക്ക്‌ നല്കിയ മറുപടികളുടെ  സത്യാവസ്ഥ അപേക്ഷകനെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയോ ടി ആവശ്യത്തിന് അനുവാദം തരാനാകുമോ എന്നാണു വിവരാവകാശ ഓഫീസര്‍ പരിശോധിക്കേണ്ടിയിരുന്നത്.   വിവരാവകാശ നിയമപ്രകാരം  അനുവാദം തരണം എന്നല്ല മറിച്ച് ഏതെങ്കിലും വകുപ്പ് പ്രകാരം അനുവാദം തരുമോ എന്നാണ് ചോദിച്ചിരിക്കുന്നത്.   ആയതിനാല്‍   അനുമതി നിഷേധിക്കാന്‍ ചോദ്യം  'വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല ' എന്ന കാരണം അംഗീകരിക്കാനാവുന്നതല്ല.

    നിയമത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കുപരിയായി ,  ഇവിടെ പരിഗണിക്കേണ്ടത് ടോയ്ലെറ്റുകളുടെ അവസ്ഥ നേരില്‍ കണ്ടു മനസ്സിലാക്കാന്‍ എനിക്ക് അനുമതി തരില്ല എന്ന്  പൊതു അധികാരികള്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമാണ്.  വിവരാവകാശത്തിനുള്ള മറുപടിയില്‍ അധികാരി പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍,  തീര്‍ച്ചയായും  നേരില്‍ പരിശോധിക്കുമ്പോള്‍ എനിക്കത് ബോദ്ധ്യപ്പെടുകയും ടോയ്ലെറ്റുകളുടെ ശോചനീയമായ അവസ്ഥ ക്യാമറയില്‍ പകര്‍ത്തിയശേഷം ഞാന്‍ തുടര്‍നടപടികള്‍  സ്വീകരിക്കുമെന്നും അധികാരികള്‍ ഭയപ്പെടുന്നു.  തെളിവുകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും എന്നെ തടയുന്നതിന്  വേണ്ടി മാത്രമാണ് ഇത്തരമൊരു അനുവാദം തരാതിരുന്നത് എന്നതാണ് സാമാന്യബോധത്തിന് നിരക്കുന്ന യുക്തി.

III. എട്ടാം നമ്പര്‍ ചോദ്യമിതാണ്.
"8. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് (IN WP No.631/04 Dated 03/10/2012) താങ്കളുടെ സ്ഥാപനത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ? ടി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് ഇന്നുവരെ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുക."

ലഭിച്ച മറുപടി:  
    8.  മേല്‍ ഉത്തരവിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വളരെ സുപ്രധാനമായ ടി ഉത്തരവ്,  ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും സ്കൂളുകളിലേക്ക് അയച്ച് കൊടുത്തിട്ടില്ല എന്ന് കരുതാനാവില്ല. കാരണം, ടി കോടതി  ഉത്തരവിനെ സംബന്ധിച്ച വിവരങ്ങള്‍ 27/10/2012, 17/11/2012, 02/01/2013 തീയതികളില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എല്ലാ പ്രിന്‍സിപ്പാളുമാര്‍ക്കും അയച്ചിട്ടുള്ളതാണ്. അങ്ങനെ നോക്കിയാല്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍  നിന്നും എല്ലാ ഹൈസ്കൂളുകളിലേക്കും ടി കോടതിവിധിയെ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടായിരുന്നിരിക്കണം.

IV. അവസാനത്തെ ചോദ്യമിതാണ്.
"12.  എനിക്കും എന്നോടൊപ്പമുള്ള  പ്രതിനിധികള്‍ക്കും (പരമാവധി 5 പേര്‍), എന്റെ അഭാവത്തില്‍ ഞാന്‍ രേഖാമൂലം  ചുമതലപ്പെടുത്തുന്ന  പ്രതിനിധികള്‍ക്കും (പരമാവധി 5 പേര്‍) ഈ അധ്യയന വര്‍ഷത്തിലെ ഏതൊരു പ്രവൃത്തിദിവസവും സ്കൂള്‍ സന്ദര്‍ശിക്കുവാനും താഴെ പറയുന്ന കാര്യങ്ങള്‍ക്കും  വിവരാവകാശ നിയമപ്രകാരം  അനുവാദം തരണമെന്ന്  അപേക്ഷിക്കുന്നു:
       12.a) ക്ലാസ്സുകള്‍, യോഗങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള അനുവാദം.
       12.b) അധ്യാപകര്‍ സ്കൂളില്‍ എത്തുന്ന സമയവും പോകുന്ന സമയവും  രേഖപ്പെടുത്തുന്നതിനുള്ള അനുവാദം.
      12.c) സ്കൂളിലെ എല്ലാവിധ രേഖകളും കമ്പ്യൂട്ടറുകളും പരിശോധിക്കുന്നതിനും ആവശ്യമായ വിവരത്തിന്റെ പകര്‍പ്പ് എടുക്കുന്നതിനും ഉള്ള അനുവാദം.
      12.d) കഞ്ഞിപ്പുരയും കഞ്ഞി ഉണ്ടാക്കുന്ന വിധവും ക്യാമറയില്‍ പകര്‍ന്നതിനുള്ള  അനുവാദം.
      12.e)  ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന, സ്കൂളിന്റെ ഏതൊരു പോരായ്മയും രേഖപ്പടുത്തുന്നതിനും ക്യാമറയില്‍ പകര്‍ത്തുന്നതിനും ഉള്ള അനുവാദം."
ലഭിച്ച മറുപടി:
    12.  ഈ ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല.  അനുവാദത്തിന് മേലധികാരികളെ സമീപിക്കാവുന്നതാണ്

ടി ചോദ്യങ്ങളില്‍ 12.a-യില്‍  സംശയം ഉണ്ടാകാമെങ്കിലും 12.c പൂര്‍ണ്ണമായും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. 12.b, d, e എന്നീ ചോദ്യങ്ങള്‍ക്ക് അനുവാദം തരാതിരിക്കാതിരിക്കുവാനുള്ള കാരണങ്ങളേക്കാള്‍ ടി വിവരങ്ങളിലുള്ള പൊതുജന താല്പര്യവും വിഷയത്തിന്റെ സാമൂഹ്യപ്രസക്തിയും കണക്കിലെടുത്ത്  അനുമതി തരേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്ന് മാത്രമല്ല വിവരം പൂര്‍ണ്ണമായും നിഷേധിച്ച ഈ ചോദ്യങ്ങള്‍ക്ക് ഒന്നിന് പോലും അതിന്റെ കാരണം, പൊതു അധികാരി വ്യക്തമാക്കിയിട്ടില്ല.  ചോദ്യം 12.a ഉന്നയിച്ചതിന് പിന്നിലുള്ള പൊതുജന താല്പര്യം താഴെ പറയുന്നവയാണ്. 
പല അധ്യാപകരും സ്കൂളില്‍ വളരെ താമസിച്ചാണ് വരുന്നത്. സ്കൂളില്‍ വന്നാല്‍ തന്നെ പല അധ്യാപകരും സമയത്ത് ക്ലാസ്സില്‍ പോകാറില്ല.
പല ക്ലാസ്സിലും കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ ആവശ്യത്തിന് ബെഞ്ച്‌, ഡസ്ക്ക് എന്നിവയില്ല.
സ്ഥിരജീവനക്കാരായ പല അധ്യാപകരും തങ്ങള്‍ എടുക്കേണ്ട ക്ലാസുകള്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപകരെ കൊണ്ട് എടുപ്പിക്കുന്ന പ്രവണത കൂടി വരുന്നതായി കാണുന്നു.
ഹൈസ്കൂളുകളിലും മറ്റും വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന പാല്‍, മുട്ട എന്നിവ ഇടവേളയില്‍ കൊടുക്കുന്നതിന് പകരം ക്ലാസ്സ്‌ സമയത്താണ് വിതരണം ചെയ്യുന്നത്. അത്രയും സമയം പഠിപ്പിക്കാതെ രക്ഷപെടാമല്ലോ.

ടി സ്കൂളില്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടികളില്‍ നിന്നും എനിക്ക് ബോദ്ധ്യപ്പെട്ട ഒരു കാര്യം ടി പൊതുഅധികാരി വിവരാവകാശ നിയമത്തെ കുറിച്ച് ഒന്നുകില്‍ തികഞ്ഞ അജ്ഞനാണ് അല്ലെങ്കില്‍ അവര്‍ അതിനെ അങ്ങേയറ്റം ലാഘവത്തോടെയാണ് കണ്ടിട്ടുള്ളത്. രണ്ടായാലും ഈ അവസ്ഥ അപകടകരമാണ്. 

ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയുടെ പകര്‍പ്പും   ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന മറ്റു രേഖകളുടെ പകര്‍പ്പുകളും ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നു. ഈ പരാതി പരിഗണിച്ച്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന എല്ലാ നടപടികകളും എടുക്കണമെന്നും ഇത്തരം പ്രവൃത്തികള്‍ മേലില്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി ഞാന്‍ അപേക്ഷിക്കുന്നു. തെറ്റായി മറുപടി നല്കിയ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അവയ്ക്ക് സത്യസന്ധമായ മറുപടി തരണമെന്ന് പൊതുഅധികാരിക്ക്‌ നിര്‍ദ്ദേശം കൊടുക്കണമെന്നും ദയവായി അപേക്ഷിക്കുന്നു.
                        കൂടാതെ, എനിക്ക് തന്ന മറുപടിയില്‍ അപ്പീല്‍ അധികാരിയുടെ വിവരങ്ങള്‍ പോലും   തെറ്റായിട്ടാണ്  ടി പൊതുഅധികാരി നല്‍കിയിരിക്കുന്നത്.
                      
ഈ അപേക്ഷ സമര്‍പ്പിക്കുവാന്‍ കാലതാമസം ഉണ്ടായത് മനപ്പൂര്‍വ്വമല്ല. ഒരു തെറ്റിദ്ധാരണ മൂലം ഒന്നാം അപ്പീല്‍ നല്‍കാതെ നേരിട്ട് വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീല്‍ നല്കിയത് മൂലമാണത് സംഭവിച്ചത്. ഇത് സംബന്ധിച്ച് വിവരാവകാശ കമ്മീഷനില്‍ നിന്നും ലഭിച്ച കത്തിന്റെ പകര്‍പ്പും  ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

                                                     വിശ്വസ്തതയോടെ
Bangalore
28-01-2014                                          മഹേഷ് വിജയന്‍

കൊടുമുണ്ട - മനുഷ്യ്വാകാശ കമ്മീഷന്‍ കേസെടുത്തു.

25 June 2014

ഒന്നരവര്‍ഷം നീണ്ട, എന്റെ കൊടുമുണ്ട സ്കൂള്‍ സമരത്തിന്‌ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കൊടുമുണ്ട (പട്ടാമ്പി) ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഈ ദയനീയാവസ്ഥ ഒരു ജനകീയ പ്രശ്നമാക്കി മാറ്റുവാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം. അതിനെ തുടര്‍ന്ന്, തദ്ദേശവാസിയായ ശ്രീ ഇബ്രാഹിം കുട്ടി നല്കിയ പരാതിയെ തുടര്‍ന്ന്‍ മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ കേസെടുത്തിരിക്കുകയാണ്. ബഹു: വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദു റബ്ബ്, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഈ പ്രശ്നങ്ങള്‍ക്ക് ഇന്നേവരെ പരിഹാരം കണ്ടിരുന്നില്ല. പത്ര വാര്‍ത്തയെ തുടര്‍ന്ന് കമ്മീഷനുമായി ബന്ധപ്പെട്ടപ്പോള്‍, ഈ കേസില്‍ കക്ഷി ചേരുവാന്‍ എന്നോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്റെയും മാധ്യമങ്ങളുടേയും ഇടപെടല്‍, കൊടുമുണ്ട സ്കൂളിലെ കുട്ടികള്‍ക്ക്‌, ഇനിയെങ്കിലും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉള്ള നമ്മുടെ നാട്ടിലെ സ്കൂളുകളെ കുറിച്ച് അറിയാവുന്നവര്‍, ദയവു ചെയ്തു അക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.



പാലക്കാട് ജില്ലയിലെ മുതുതല പഞ്ചായത്തിലെ കൊടുമുണ്ട ഗവ ഹയര്‍ സെക്കന്ററിയിലെ ഈ ശോച്യാവസ്ഥ, അന്യം നിന്ന് പോകുന്ന നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളുടെ മേല്‍ തറയ്ക്കുന്ന അവസാനത്തെ ആണിയായി മാറുകയാണ്....അധികാരികള്‍ തിരിഞ്ഞ് നോക്കാത്ത ഒരു പരാതി..

"കൊടുമുണ്ട ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ Principal | HM-നു സമര്‍പ്പിക്കുന്ന ഹര്‍ജി.

Sir,
ഞങ്ങള്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ തന്നെ ഈ സ്കൂളില്‍ പഠിച്ചു വരുന്ന കുട്ടികളാണ്. സര്‍, ഞങ്ങളുടെ toilet-കള്‍ താങ്കള്‍ വന്നു നേരില്‍ കണ്ടാല്‍ നന്നായിരുന്നു. ഇത്ര ശോച്യാവസ്ഥ മറ്റൊരിടത്തും ഉണ്ടാകില്ല. വൃത്തിയില്ല, കൊളുത്തില്ല, വെള്ളം പലപ്പോഴും ഉണ്ടാകില്ല. മാത്രമല്ല, ക്ലോസറ്റ്‌ ഉള്ള കക്കൂസുകളില്‍ മലം ഉണങ്ങി വൃത്തികേടായി കിടക്കുന്നു. ആരും അതില്‍ പോകാറില്ല. പരുക്കനിട്ട, കൊളുത്തില്ലാത്ത വെള്ളവും ബക്കറ്റും ഇല്ലാത്ത മൂത്രപ്പുരയാണ് പലപ്പോഴും ഞങ്ങള്‍ക്ക് ആശ്രയം. ആണ്‍കുട്ടികളെല്ലാം പറമ്പുകളിലേക്ക് ഓടുന്നത് കാണാം. മാസമുറയുടെ സമയങ്ങളില്‍ വല്ലാത്ത വിഷമമാണ്. പാഡുകള്‍ മാറ്റാന്‍ വെള്ളം ഉണ്ടാകാറില്ല. മാറ്റിയാല്‍ തന്നെ അതിടാന്‍ പറ്റിയ സ്ഥലവുമില്ല. അതിനാല്‍, പൊതിഞ്ഞു കെട്ടി കൊണ്ടു പോവുകയാണ്‌ പതിവ്. കുന്നിന്‍ പുറത്തെ school ആയതിനാല്‍ ഇവിടെ കിണറോ കുഴല്‍കിണറോ ഒന്നും തന്നെയില്ല. താഴെ നിന്നും വരുന്ന പൈപ്പുവെള്ളമാണ് ഏക ആശ്രയം. മോട്ടോറടിച്ചു കൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് വെള്ളം വരുന്നത്. മോട്ടോര്‍ നിര്‍ത്തിയാല്‍ പിന്നെ വെള്ളം കിട്ടാറില്ല. വെള്ളം പിടിച്ച് വെക്കാന്‍ യാതൊരു സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ ടോയ്ലെറ്റില്‍ ഒരെണ്ണമാണ് ടീച്ചേഴ്സ് ഉപയോഗിക്കുന്നത്. ഇതില്‍ വെള്ളം നിറയ്ക്കാന്‍ പാത്രമുണ്ട്. അതും പലപ്പോഴും വൃത്തികേടായി കിടക്കുന്നു. ചിലപ്പോള്‍ ഞങ്ങള്‍ അതില്‍ പോകാറുണ്ട്. ഇപ്പോള്‍ അതു പൂട്ടിയിടും. ഈ ശോച്യാവസ്തയെപ്പറ്റി ഞങ്ങള്‍ പല പ്രാവശ്യം പ്രിന്‍സിപ്പാളിനോടും HM-നോടും ടീച്ചേഴ്സിനോടും പരാതിപ്പെട്ടിരുന്നു. ഹെല്‍ത്ത്‌ ടീച്ചര്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ട അധികാരിക്ക് ആവശ്യങ്ങള്‍ എഴുതി അറിയിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. മാസങ്ങള്‍ കുറെ ആയിട്ടും ഇതിന് യാതൊരു പരിഹാരവും ഉണ്ടായില്ല. അതിനാല്‍ സര്‍ ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. എന്ന് വിനയപൂര്‍വ്വം കുട്ടികള്‍, GHSS കൊടുമുണ്ട (30/1/2013) "

DPI - അടിസ്ഥാന സൗകര്യങ്ങള്‍ അപ്പീല്‍ അപേക്ഷ

1. ഒന്നാം അപ്പീല്‍
2. ഒന്നാം അപ്പീലില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്  സംബന്ധിച്ച് അയച്ച കത്ത്

ഒന്നാം അപ്പീല്‍
To
     Engineering Liaison Officer,
     General Education (O/O DPI)
     Jagathi P.O, Trivandrum - 695 014
    
Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപ്പീല്‍.  കേരളത്തിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട്  DPI-ക്ക്  സമര്‍പ്പിച്ച  വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയെ  സംബന്ധിച്ച് സമര്‍പ്പിക്കുന്ന ഒന്നാം അപ്പീല്‍ അപേക്ഷ.

      എതിര്‍ കക്ഷി:
               1.  State Public Information Officer,
                    'W' Section, DPI, Trivandrum
              
         ഞാന്‍ ഒരു സഞ്ചാരിയും ഫോട്ടോഗ്രാഫറും സാമൂഹ്യപ്രവര്‍ത്തകനും ആണ്.  എട്ട് വര്‍ഷമായി ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. കേരളത്തിലെ വിവിധ  സ്കൂളുകളിലെ  അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകള്‍  മെച്ചപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങളില്‍  ഒന്നര വര്‍ഷമായി ഏര്‍പെട്ടു കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി  18/07/2014 തീയതി രേഖപ്പെടുത്തി DPI-ക്ക് അയച്ച വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട  99.9 ശതമാനം വിവരങ്ങളും പൊതുഅധികാരി നിഷേധിച്ചു. പൊതുഅധികാരിയുടെ തെറ്റായ ഈ നടപടിയാണ് ഈ അപ്പീലിന് ആധാരം. 

       കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലേയും ടോയ്ലെറ്റ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. അപേക്ഷയില്‍ 37 പ്രധാന ചോദ്യങ്ങളും അവയുടെ നിരവധി ഉപചോദ്യങ്ങളും  ഉണ്ടായിരുന്നു. എന്നാല്‍ അപേക്ഷ ലഭിച്ച്, ഇരുപത്തഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വിവരം ലഭ്യമല്ല എന്ന് പറഞ്ഞ് പൊതുഅധികാരി വിവരം നിഷേധിക്കുകയാണുണ്ടായത്. ഇതേ അപേക്ഷ ഞാന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലും നല്കിയിരുന്നു. ടി വിവരാവകാശ ഓഫീസര്‍മാര്‍ എന്റെ അപേക്ഷ അതാത് സ്കൂളുകളിലേക്ക് അയക്കുകയും യഥാസമയം വിവരം ലഭ്യമാക്കുകയും ചെയ്തു. എന്നാലിവിടെ വിവരം ലഭ്യമാക്കാന്‍ യാതൊരുവിധ ശ്രമങ്ങളും ഉണ്ടായില്ല.

       എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ടി ഓഫീസില്‍  നിന്നും ലഭിച്ച നിരുത്തരവാദിത്വപരമായ മറുപടി എന്നെ അതിശയിപ്പിച്ചു. തുടര്‍ന്ന് ടി ഓഫീസിലെ 0471-2580583 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് , ലഭിച്ച മറുപടിയുടെ കാര്യം പറഞ്ഞപ്പോള്‍,  ഫോണ്‍ എടുത്ത, പേരുവെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥന്‍ വളരെ മോശമായിട്ടാണ് എന്നോട് സംസാരിച്ചത്.  ടി സംസാരത്തിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്തത് ആവശ്യമെങ്കില്‍, തെളിവിലേക്കായി ഹാജരാക്കുന്നതാണ്. ഇതില്‍ നിന്നെല്ലാം എനിക്ക് മനസ്സിലായ വസ്തുത പൊതുഅധികാരി മനപ്പൂര്‍വ്വം വിവരം നിഷേധിക്കുകയായിരുന്നു എന്നാണു.

      ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയുടെ പകര്‍പ്പും    ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നു. ഈ പരാതി പരിഗണിച്ച്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന എല്ലാ നടപടികകളും എടുക്കണമെന്നും ഇത്തരം പ്രവൃത്തികള്‍ മേലില്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും എത്രയും പെട്ടന്ന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്  പൊതുഅധികാരിക്ക്‌ നിര്‍ദ്ദേശം നല്കണമെന്നും ദയവായി അപേക്ഷിക്കുന്നു.
                                                    
                                     വിശ്വസ്തതയോടെ

Bangalore
04-09-2014                                                       മഹേഷ് വിജയന്‍


2. ഒന്നാം അപ്പീലില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്  സംബന്ധിച്ച് അയച്ച കത്ത്   
To
       Engineering Liaison Officer,
         General Education (O/O DPI)
         Jagathi P.O, Trivandrum - 695 014

മാഡം,

വിഷയം:  വിവരാവകാശ അപ്പീല്‍ അപേക്ഷയിന്മേല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്

സൂചന: സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് 04-09-2014 തീയതി രേക്ഷപ്പെടുത്തി അയച്ച അപ്പീല്‍ അപേക്ഷ
   
            എന്റെ അപ്പീലിന്മേല്‍ തീരുമാനമെടുക്കുന്നതിലേക്കായി താങ്കളുടെ ഓഫീസില്‍ നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടയച്ച കത്ത് കിട്ടിയിരുന്നു. ജോലിത്തിരക്ക് മൂലവും ബാംഗ്ലൂര് നിന്നും വരേണ്ടിയിരുന്നതിനാലും നേരിട്ട് ഹാജരാകുവാന്‍ സാധിച്ചില്ല. വിവരം നിഷേധിച്ചത് സംബന്ധിച്ച എല്ലാക്കാര്യങ്ങളും അപ്പീല്‍ അപേക്ഷയില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.  നേരിട്ട് വരാന്‍ സാധിക്കാത്തതിനാല്‍ Oct 23 വൈകുന്നേരം  ഔദ്യോഗിക ടെലിഫോണില്‍ വിളിച്ചും താങ്കളെ എന്റെ ഭാഗം പറഞ്ഞ് മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. 37 പ്രധാന ചോദ്യങ്ങളും ഉപചോദ്യങ്ങളും ഉള്ള എന്റെ അപേക്ഷയില്‍ ഒന്നിന് പോലും എനിക്ക് മറുപടി നല്‍കിയിട്ടില്ല എന്ന കാര്യം വളരെ വ്യക്തമാണ്.
    വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണോ പൊതുഅധികാരി എന്റെ അപേക്ഷ നിരസിച്ചിട്ടുള്ളത്  എന്നാണ് ഇവിടെ അപ്പീല്‍ അധികാരി പ്രധാനമായും പരിശോധിക്കേണ്ടത്. അപേക്ഷയിലാവശ്യപ്പെട്ട വിവരങ്ങള്‍ ടി വിവരാവകാശ ഓഫീസറുടെ കൈവശമില്ലാത്ത പക്ഷം ആര്‍ക്കാണോ ടി വിവരം ലഭ്യമാക്കാനാവുക, ആ ഓഫീസര്‍ക്ക് അപേക്ഷ കൈമാറുകയോ നിര്‍ദേശം നല്‍കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.  ഇവിടെ, സംസ്ഥാനത്തെ വിവിധ DDE/DEO-മാര്‍ക്ക് എന്റെ അപേക്ഷ ഫോര്‍വേഡ് ചെയ്ത് യഥാസമയം വിവരം ലഭ്യമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.  വിവരം ലഭ്യമല്ലെങ്കില്‍ അഞ്ചു ദിവസത്തിനകം അപേക്ഷ നിരസിക്കണം; ഇത് രണ്ടും ഉണ്ടായില്ല.
              വിവരം ശേഖരിച്ച് തരണം എന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടു എന്ന കാരണം പറഞ്ഞ് എന്റെ അപേക്ഷ നിരസിക്കാനാവില്ല. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനാണ് വിവരം ശേഖരിച്ചു തരണമെന്ന്  അഭ്യര്‍ഥിച്ചത്. അല്ലാതെ, എല്ലാ സ്കൂളുകളില്‍ നിന്നും വിവരം ശേഖരിച്ചു ഒന്നായി മാത്രമേ ലഭ്യമാക്കാവൂ എന്ന് അപേക്ഷയില്‍ ഒരിടത്തും നിഷ്കര്‍ഷിച്ചിട്ടില്ല. ഇതേ അപേക്ഷ ഹയര്‍ സെക്കണ്ടറി വകപ്പില്‍ നല്‍കിയതിനെ തുടര്‍ന്ന്‍ അവര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് എനിക്ക് അയച്ച കത്തിന്റെ സോഫ്റ്റ് കോപ്പിയും ഈ മെയിലിനോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

      ഇതോടൊപ്പം നല്‍കിയ അപേക്ഷയികളില്‍, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും എനിക്ക് യഥാസമയം മറുപടി ലഭിച്ചു കഴിഞ്ഞു. എന്നാല്‍ അവ്യക്തവും അപൂര്‍ണ്ണവും അലസവുമായ മറുപടിയാണ്  എനിക്ക് DPI-യില്‍ നിന്ന് ലഭിച്ചത്. ആയതിനാല്‍ എന്റെ വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും എത്രയും പെട്ടന്ന് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നിയമം അനുശാസിക്കുന്ന മേല്‍നടപടികള്‍ കൈക്കൊള്ളണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

                വിശ്വസ്തതയോടെ

                            മഹേഷ്‌ വിജയന്‍

Bangalore
24-Oct-14

ലോക ടോയ്‌ലെറ്റ് ദിനം - ഒരമ്മയുടെ പരാതി.

19 November 2014

ഇന്ന് നവംബര്‍ 19, ലോക ടോയ്‌ലെറ്റ് ദിനം. നമ്മുടെ സ്കൂളുകളുടെ ദുരവസ്ഥ മനസ്സിലാക്കുവാന്‍ ഈ പരാതി ഒന്ന് വായിച്ചു നോക്കൂ... രണ്ടു വര്ഷം മുന്‍പ് അധികാരികള്‍ക്ക് ലഭിച്ച ഈ പരാതി വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ ദിവസമാണ് എനിക്ക് ലഭിച്ചത്. ഇപ്പോഴത്തെ ഈ സ്കൂളിന്റെ അവസ്ഥ എന്തെന്ന് അറിയില്ല. ഒരുപക്ഷേ, മെച്ചപ്പെട്ടിട്ടുണ്ടാകാം. നമ്മുടെ നാട്ടില്‍ നിരവധി സ്കൂളുകള്‍ ഇന്നും ഇതേ അവസ്ഥയില്‍ തുടരുന്നു എന്നതാണ് ഏറ്റവും ദയനീയം. 

"ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങര ഹൈസ്കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ അമ്മയാണ് ഞാന്‍. ഈ സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ വേണ്ടത്ര യാതൊരു സൗകര്യവും ഇല്ല. പല പ്രാവശ്യം എന്റെ കുട്ടിക്ക് യൂറിനറി ഇന്‍ഫക്ഷന്‍ ചികിത്സ ചെയ്തിട്ടുണ്ട്. പലപ്പോഴും ആകെയുള്ള ഒരേഒരു വളരെ ചെറിയ ഷെഡില്‍ കുട്ടികളുടെ തിരക്ക് കൊണ്ട് മൂത്രം ഒഴിക്കാതെ തന്നെ വീട്ടില്‍ വന്നു കരയുന്നു. ഈ സ്കൂളിലെ അധ്യാപികമാരും സ്കൂള്‍ വളപ്പിലുള്ള TTC പെണ്‍കുട്ടികളും തൊട്ടു പുറകിലുള്ള LP സ്കൂളിലെ പെണ്‍കുഞ്ഞുങ്ങളും എല്ലാം മൂത്രമൊഴിക്കാന്‍, സ്കൂള്‍ ഇടവേള സമയത്ത് ഇവിടെ വന്ന് തിരക്ക് കൂട്ടുന്നു. അതുമൂലം ഒട്ടുമിക്ക എല്ലാ പെണ്‍കുട്ടികളും ഇതേ ദുരിതം അനുഭവിക്കുന്നു. മാത്രമല്ല, ചെറിയ ഷെഡില്‍ പലപ്പോഴും വെള്ളവുമില്ല, വൃത്തിഹീനവുമാണ്. പെണ്കുട്ടികള്‍ക്ക് മൂത്രമൊഴിക്കാതെ ക്ലാസ്സിലിരുന്ന് പഠിക്കുവാന്‍ പോലും കഴിയുന്നില്ല. വയറുവേദന, പനി, ശര്‍ദ്ദി മുതലായവ മിക്കപ്പോഴും ഉണ്ടാകാറുണ്ട്. ഉള്ള ചെറിയ ഷെഡിലെ പരിസരം അത്ര സുരക്ഷിതവുമല്ല. ആണ്‍കുട്ടികളുടെ അനുഭവവും മറിച്ചല്ല. അവരും സ്കൂളിന്റെ തെക്കേ കെട്ടിടത്തിന്റെ പുറകു വശത്ത് ഭിത്തിമേല്‍ മൂത്രമൊഴിക്കുന്നു. അതുമൂലം ക്ലാസ് സമയത്ത് ദുര്‍ഗന്ധം ഇപ്പോഴും ഉണ്ട്. പലതവണ ഞാനും മറ്റുള്ളവരുടെ രക്ഷിതാക്കളും ചേര്‍ന്ന് പരാതി പറഞ്ഞിട്ടും സ്കൂള്‍ മാനേജരോ ഹെഡ്മാസ്റ്ററോ യാതൊരു നടപടിയും സ്വീകരിക്കാതെ പരാതി പറയുന്നവരെ അവഹേളിക്കുന്ന ഒരു സമീപനമാണ്. ദൂരെവിട്ട് പഠിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് വീട്ടിലെ സാഹചര്യം അനുവദിക്കുന്നില്ല. PTA യുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ പറയുന്നത് അവരും പറഞ്ഞു മടുത്തു എന്നാണ്. ഈ വിഷയം മനുഷ്യാവകാശ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ജില്ലയിലെ വിദ്യാഭ്യാസ ആഫീസുകളിലെല്ലാം നല്ല സ്വാധീനം ഈ മാനേജ്മെന്റിനുണ്ടെന്നറിയുന്നു. പെണ്‍ട്ടികള്‍ അനുഭവിക്കുന്ന ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പലതവണ പരാതി പറഞ്ഞിട്ടും ഫലമില്ലാത്ത ഈ മാനേജ്മെന്റിനെതിരായ നടപടി സ്വീകരിക്കണമെന്നും മുന്‍കൂട്ടി അറിയിപ്പില്ലാതെ ഒരു ഉന്നതതല സംഘം സ്കൂള്‍ സന്ദര്‍ശിച്ച് ശാശ്വത പരിഹാരം കാണുവാനും അപേക്ഷിക്കുന്നു."

സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍

TO
State Public Information Officer
Directorate of Higher Secondary Education
Kerala.

സര്‍/മാഡം,

വിഷയം: കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച വിവരാവകാശ അപേക്ഷ:

    കേരളത്തിലെ നിരവധി സര്‍ക്കാര്‍ സ്കൂളുകളിലെ ടോയ്ലെറ്റുകളും മൂത്രപ്പുരകളും, ഒന്നുകില്‍ അങ്ങേയറ്റം അനാരാഗ്യകരമായ അവസ്ഥയിലോ  അല്ലെങ്കില്‍  അവയുടെ അഭാവവുമാണ് ഈ അപേക്ഷയ്ക്ക് കാരണം. കേരളത്തിലെ എല്ലാ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് അപേക്ഷിക്കുന്നു. ടോയ്ലെറ്റ്‌, മൂത്രപ്പുര, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ സ്വന്തമായില്ലാത്ത സ്കൂളുകള്‍ അക്കാര്യം സൂചിപ്പിച്ചശേഷം അവര്‍ നിലവില്‍ ഉപയോഗിക്കുന്ന ടോയ്ലെറ്റ്‌, മൂത്രപ്പുര, കുടിവെള്ളം സംവിധാനം എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് ലഭ്യമാക്കേണ്ടത്.
എല്ലാ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളുമായും ബന്ധപ്പെട്ട, താഴെപറയുന്ന   വിവരങ്ങളാണ് ലഭ്യമാക്കേണ്ടത്.
1. സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ (എസ്.ടി.ഡി കോഡ് ഉള്‍പ്പടെ), സ്കൂള്‍ തുടങ്ങിയ തീയതി.

2. പ്രിന്‍സിപ്പാളിന്റെ പേരും വിലാസവും ലഭ്യമാക്കുക..

3. പഠിക്കുന്ന ആണ്‍കുട്ടികളുടെ ആകെ എണ്ണം? ആണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി നിയമപ്രകാരം സ്കൂളില്‍ ഉണ്ടായിരിക്കേണ്ട  ടോയ്ലെറ്റുകളുടെ  എണ്ണം എത്രയാണ്?

4. ആണ്‍കുട്ടികള്‍ക്ക് വേണ്ടി, ഉപയോഗയോഗ്യമായ എത്ര  ടോയ്ലെറ്റുകള്‍    നിലവില്‍ ഉണ്ട്?
5.  പഠിക്കുന്ന പെണ്‍കുട്ടികളുടെ ആകെ എണ്ണം? പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി നിയമപ്രകാരം സ്കൂളില്‍ ഉണ്ടായിരിക്കേണ്ട  ടോയ്ലെറ്റുകളുടെ  എണ്ണം, ഗേള്‍സ്‌ ഫ്രെണ്ട്ലി  ടോയ്ലെറ്റുകളുടെ  എണ്ണം എന്നിവ ലഭ്യമാക്കുക?

6. പെണ്‍കുട്ടികള്‍ക്ക് വേണ്ടി, ഉപയോഗയോഗ്യമായ എത്ര  ടോയ്ലെറ്റുകള്‍    നിലവില്‍ ഉണ്ട്? അവയില്‍ എത്രയെണ്ണം ഗേള്‍സ്‌ ഫ്രെണ്ട്ലി ആണ്?
7. ആകെയുള്ള വിദ്യാര്‍ഥികളുടെ എണ്ണം, ആകെ ടോയ്ലെറ്റുകളുടെ  എണ്ണം, ഉപയോഗയോഗ്യമായ ടോയ്ലെറ്റുകളുടെ എണ്ണം എന്നിവ ലഭ്യമാക്കുക.?
8.  എത്ര ടോയ്ലെറ്റുകളില്‍     ജലം ലഭ്യമാകുന്ന, തകരാറുകള്‍ ഇല്ലാത്ത  പൈപ്പ് കണക്ഷനുകള്‍ ഉണ്ട്?
9.  ഉപയോഗയോഗ്യമായ എല്ലാ ടോയ്ലെറ്റുകളിലും മൂത്രപ്പുരകളിലും സ്കൂള്‍      പ്രവര്‍ത്തി സമയങ്ങളില്‍  എല്ലായ്പ്പോഴും (എല്ലാ മാസങ്ങളിലും) ആവശ്യത്തിന്     ജലം ലഭ്യമാണോ?     ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുക.
10. സ്കൂളില്‍  ജലദൗര്‍ലഭ്യം അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ കാരണം വിശദമാക്കുക.
    10 എ. ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതെങ്കിലും മേലധികാരിക്ക്  അപേക്ഷകൾ /പരാതികള്‍ സമർപ്പിച്ചിട്ടുണ്ടോ?
    10 ബി. നല്‍കിയ അപേക്ഷകളുടെ/പരാതികളുടെ റഫറന്‍സ്‌, ഫയൽ നമ്പറുകൾ , നല്കിയ തീയതി, ആര്‍ക്ക് അയച്ചു,  അതില്‍ മേലധികാരി  എടുത്ത നടപടി എന്നിവ വ്യക്തമാക്കുക
11. എല്ലാ ടോയ്ലെറ്റുകള്‍ക്കും ഉപയോഗയോഗ്യമായ വാതിലുകള്‍ ഉണ്ടോ?  അടച്ചുറപ്പുള്ള, കേടുപാടുകള്‍ ഇല്ലാത്ത എത്ര വാതിലുകള്‍  ടോയ്ലെറ്റുകള്‍ക്ക്  ഉണ്ട്?
12. എല്ലാ ടോയ്ലെറ്റുകള്‍ക്കും കുറ്റിയും കൊളുത്തും ഉണ്ടോ? ടോയ്ലെറ്റുകളുടെ വാതിലുകള്‍ക്ക് ഉള്ള കുറ്റികളുടേയും കൊളുത്തുകളുടേയും എണ്ണം?
13. എല്ലാ ടോയ്ലെറ്റുകളും മൂത്രപ്പുരകളും എല്ലാ ദിവസവും പ്രവര്‍ത്തനസമയം കഴിഞ്ഞാല്‍ പൂട്ടി സൂക്ഷിക്കാറുണ്ടോ? ടോയ്ലെറ്റുകള്‍ പൂട്ടാന്‍ ഉപയോഗിക്കുന്ന  താഴുകളുടെ എണ്ണം?
14.  എല്ലാ ടോയ്ലെറ്റുകളിലും ഉപയോഗയോഗ്യമായ ബക്കറ്റും മഗും ഉണ്ടോ? ടോയ്ലെറ്റുകളില്‍ ആകെയുള്ള ഉപയോഗയോഗ്യമായ ബക്കറ്റുകളുടെ എണ്ണം? ടോയ്ലെറ്റുകളില്‍ ആകെയുള്ള ഉപയോഗയോഗ്യമായ മഗുകളുടെ എണ്ണം?
15. എല്ലാ ടോയ്ലെറ്റുകളിലും പ്രവര്‍ത്തനക്ഷമമായ വൈദ്യുതവിളക്കുകള്‍ ഉണ്ടോ? ടോയ്ലെറ്റുകളില്‍ ആകെയുള്ള പ്രവര്‍ത്തനക്ഷമമായ വൈദ്യുതവിളക്കുകളുടെ എണ്ണം?
16. ടോയ്ലെറ്റുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്ര രൂപ ചിലവഴിച്ചു?
17. നിലവില്‍ ഉപയോഗയോഗ്യമല്ലാത്ത ടോയ്ലെറ്റുകളുടെ കേടുപാടുകള്‍ പരിഹരിക്കുവാന്‍  കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുക. ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം  രേഖകളാണ് ഉള്ളത്? അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുക.
18. എല്ലാ ടോയ്ലെറ്റുകളും മൂത്രപ്പുരകളും ശുചിത്വമുള്ളവയാണോ? ടോയ്ലെറ്റുകളുടേയും മൂത്രപ്പുരകടേയും  ശുചിത്വം ഉറപ്പാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുക.
19. സ്ഥിരമായി ടോയ്ലെറ്റുകളും മൂത്രപ്പുരകളും വൃത്തിയാക്കുവാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍, ഇവര്‍ക്ക്‌ നല്‍കുന്ന ശമ്പളം എത്രയാണ്? ആരാണ് ഇവര്‍ക്ക്‌ ശമ്പളം കൊടുക്കുന്നത്? ഏതൊക്കെ ദിവസങ്ങളില്‍ എത്ര സമയം വീതം ഇവരുടെ സേവനം സ്കൂളില്‍ ലഭ്യമാണ്?

20. 2014 ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഏതെല്ലാം തീയതികളില്‍ ടോയ്ലെറ്റുകളും മൂത്രപ്പുരകളും വൃത്തിയാക്കിയിട്ടുണ്ട്?

21. ടോയ്ലെറ്റുകളും മൂത്രപ്പുരകളും വൃത്തിയാക്കുവാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആകെ ചിലവഴിച്ച തുക എത്രയാണ് ?
22.  ആണ്‍കുട്ടികള്‍ക്ക് വേണ്ടി, ഉപയോഗയോഗ്യമായ എത്ര  മൂത്രപ്പുരകള്‍ ഉണ്ട്? ആകെ  എത്ര പേര്‍ക്ക്  ഒരേ സമയം മൂത്രപ്പുര ഉപയോഗിക്കാം?
23. പെണ്‍കുട്ടികള്‍ക്ക് വേണ്ടി, ഉപയോഗയോഗ്യമായ എത്ര  മൂത്രപ്പുരകള്‍ ഉണ്ട്? ആകെ  എത്ര പേര്‍ക്ക്  ഒരേ സമയം മൂത്രപ്പുര ഉപയോഗിക്കാം?
24. ആണ്‍കുട്ടികളുടെ എല്ലാ മൂത്രപ്പുരകള്‍ക്കും ഉപയോഗയോഗ്യമായ വാതിലുകള്‍ ഉണ്ടോ?  അടച്ചുറപ്പുള്ള, കേടുപാടുകള്‍ ഇല്ലാത്ത എത്ര വാതിലുകള്‍  ആണ് മൂത്രപ്പുരയ്ക്കുള്ളത്?

25. പെണ്‍കുട്ടികളുടെ എല്ലാ മൂത്രപ്പുരകള്‍ക്കും ഉപയോഗയോഗ്യമായ വാതിലുകള്‍ ഉണ്ടോ?  അടച്ചുറപ്പുള്ള, കേടുപാടുകള്‍ ഇല്ലാത്ത എത്ര വാതിലുകള്‍  മൂത്രപ്പുരയ്ക്ക് ഉണ്ട്?

26. ആകെയുള്ള മൂത്രപ്പുരകളുടെ എണ്ണം, ഉപയോഗയോഗ്യമായ മൂത്രപ്പുരകളുടെ എണ്ണം എന്നിവ ലഭ്യമാക്കുക.?
27. എല്ലാ മൂത്രപ്പുരകളിലും ആവശ്യത്തിന് ജലം ലഭ്യമാണോ? എത്ര മൂത്രപ്പുരകളില്‍     ജലം ലഭ്യമാകുന്ന, തകരാറുകള്‍ ഇല്ലാത്ത  പൈപ്പ് കണക്ഷനുകള്‍ ഉണ്ട്?
28.  എല്ലാ മൂത്രപ്പുരകളും പ്രവര്‍ത്തനസമയം കഴിഞ്ഞാല്‍ പൂട്ടി സൂക്ഷിക്കാറുണ്ടോ? പൂട്ടാനുപയോഗിക്കുന്ന താഴുകളുടെ എണ്ണം എത്ര?
29. ടോയ്ലെറ്റുകള്‍, മൂത്രപ്പുരകള്‍, കുടിവെള്ളം, ജലദൗര്‍ലഭ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 2013 ജനുവരി ഒന്നിന് ശേഷം എത്ര പരാതികള്‍ സ്കൂളുകളിലും ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലും ആര്‍.ഡി.ഡി ഓഫീസുകളിലും ലഭിച്ചിട്ടുണ്ട്? ടി പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ തപാലില്‍ ലഭ്യമാക്കുക.
30. നിലവില്‍ എത്ര മൂത്രപ്പുരകളുടേയും ടോയ്ലെറ്റുകളുടേയും അഭാവം ഓരോ സ്കൂളിലും ഉണ്ട്?
31. സ്കൂളില്‍ കുടിവെള്ളം ക്ഷാമം അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ കാരണം വിശദമാക്കുക?

32. കുടിവെള്ളം ശുദ്ധീകരിച്ചാണോ വിതരണം ചെയ്യുന്നത്? ആണെങ്കില്‍, വെള്ളം ശുദ്ധീകരിക്കുവാന്‍  എന്ത് സംവിധാനമാണ് ഉള്ളത്?
33. സ്ഥാപനത്തില്‍ ജലലഭ്യതയുള്ള  കിണറുണ്ടോ? ഇല്ലെങ്കില്‍ പകരം എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്?
     
34.  വിദ്യാര്‍ഥികള്‍ക്ക് ആഹാരം കഴിച്ച ശേഷം കൈ കഴുകാനും പാത്രം കഴുകാനുമായി ടോയ്ലെറ്റിനുള്ളില്‍ ഉള്ളവയല്ലാതെ ആകെ എത്ര ടാപ്പുകള്‍ ഉണ്ട്? അവയില്‍ പ്രവര്‍ത്തി സമയങ്ങളില്‍ എല്ലായ്പ്പോഴും വെള്ളമുണ്ടാകാറുണ്ടോ?
35. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിനെ (IN WP No.631/04 Dated 03/10/2012) സംബന്ധിച്ച് സ്കൂളിലേക്ക് ഏതെന്കിലും മേലധികാരിയില്‍ നിന്നും അറിയിപ്പ്‌  ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അറിയിപ്പ് ലഭിച്ച തീയതി ലഭ്യമാക്കുക.
36. സ്കൂളില്‍ മഴവെള്ള സംഭരണി എപ്പോഴേലും പണിയിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ , പണിയിപ്പിച്ച വര്‍ഷം ഏതാണ്? മഴവെള്ള സംഭരണി നിര്‍മ്മിക്കുവാന്‍ ആകെ ചിലവഴിച്ച തുകയെത്രയാണ്? ഇപ്പോള്‍ അതിന്റെ അവസ്ഥ എന്താണ് ? മഴവെള്ള സംഭരണിയില്‍ നിന്നുള്ള വെള്ളം സ്കൂളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ടോ ? ഇല്ലെങ്കില്‍ അതിന്റെ കാരണമെന്താണ് ?

37. പൊതുവിഷയ തല്പരനായ ഒരു പൗരന്‍ എന്ന നിലയിലും, വിവരാവകാശ നിയമമനുസരിച്ച്  പൊതുതാല്പര്യം മുന്‍നിര്‍ത്തിയും വിവരാവകാശ നിയമപ്രകാരം കെട്ടിടം ഒരു വിവരമായതിനാലും  എല്ലാ സ്കൂളിലേയും എല്ലാ മൂത്രപ്പുരകളുടേയും എല്ലാ ടോയ്ലെറ്റുകളുടേയും അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കുവാനും അവയുടെ  ചിത്രങ്ങള്‍ എടുക്കുവാനും അവസരം  നല്‍കേണ്ടതാണ്. അവസരം തരില്ല എങ്കില്‍ കാരണം വിശദമാക്കുക.

(ടോയ്ലെറ്റുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ടോയ്ലെറ്റുകളെ കുറിച്ച് മാത്രവും മൂത്രപ്പുരകളെ സംബന്ധിച്ച ചോദ്യങ്ങളില്‍ മൂത്രപ്പുരകളെ കുറിച്ച് മാത്രവുമുള്ള വിവരങ്ങളാണ് ലഭ്യമാക്കേണ്ടത്.)

ഈ വിവരങ്ങള്‍, അപേക്ഷകന് ലഭ്യമാക്കാന്‍  പ്രത്യേകം പ്രത്യേകം ഓരോ സ്കൂളിനും നിര്‍ദേശം നല്കുന്നത് സര്‍ക്കാരിന് കൂടുതല്‍ ചെലവ് വരുത്തുമെന്നതിനാല്‍ , താങ്കളുടെ അധികാരമുപയോഗിച്ച് ടി സ്കൂളുകളില്‍ നിന്നും ഇ-മെയില്‍ വഴി വിവരം ശേഖരിച്ച് തരണമെന്നപേക്ഷിക്കുന്നു. എല്ലാ രേഖകളുടെ പകര്‍പ്പുകളും തപാലില്‍ അയച്ച് തരേണ്ടതാണ്.


                                                   വിശ്വസ്തയോടെ

ബെംഗളൂരു                                                                   മഹേഷ് വിജയൻ
16-07-2014