Wednesday, October 11, 2017

Bharath Hospital Illegal Employment Contract

ഭാരത്‌ ഹോസ്പിറ്റലിലെ നേഴ്സുമാരില്‍ നിന്നും ഒപ്പിട്ട് വാങ്ങിയ ബ്ലാങ്ക് മുദ്രപ്പത്രത്തില്‍ മാനേജ്മെന്‍റ് എഴുതിയുണ്ടാക്കിയതും ഇന്നുവരെ നേഴ്സുമാര്‍ കണ്ടിട്ടില്ലാത്തതുമായ തൊഴില്‍ കരാറിന്റെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം എനിക്ക് ലഭിച്ചത് ചുവടെ കൊടുക്കുന്നു. ടി കരാറിലെ നിയമ വിരുദ്ധവും പൊതു താല്പര്യത്തിന് എതിരുമായ പ്രധാന വ്യവസ്ഥകള്‍ താഴെ പറയുന്നു.

1. കരാര്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പേ ഒരു കാരണവും ഇല്ലാതെ നിങ്ങളെ എപ്പോള്‍ വേണേലും പുറത്താക്കാന്‍ ഭാരത്‌ ഹോസ്പിറ്റല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കുന്നതാണ്.

2. നിങ്ങള്‍ ഒരു വര്‍ഷം തികയ്ക്കും മുന്‍പോ അല്ലെങ്കില്‍ ഒരു മാസം മുന്‍‌കൂര്‍ നോട്ടീസ് നല്‍കാതെയോ ജോലി  രാജി വെച്ച് പോയാല്‍ യാതൊരു കാരണവശാലും എക്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നതായിരിക്കില്ല.

3. കരാര്‍ അടിസ്ഥാനത്തിലുള്ള ഈ നിയമനം നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ തൊഴില്‍, സ്ഥിരം, താല്‍ക്കാലികം അല്ലെങ്കില്‍ ആശുപത്രിയിലെ സേവനം എന്നിവയ്ക്കുള്ള അവകാശമാകുന്നില്ല.

4. നിശ്ചിത മാസ പ്രതിഫലം (monthly consideration) അല്ലാതെ സ്ഥിരം ജീവനക്കാര്‍ക്കോ താല്‍ക്കാലിക ജീവനക്കാര്‍ക്കോ ലഭിക്കുന്ന അലവന്‍സ്, ഗ്രാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട്, ശമ്പളം, വേതനം, തുടങ്ങിയ യാതൊരു വിധത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും  നിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

5. ഈ കരാറിലുള്ള ഏതെങ്കിലും ഒരു വ്യവസ്ഥ തെറ്റിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട മാസ പ്രതിഫലം നല്‍കുന്നതല്ല.

    മേല്‍ പറഞ്ഞ നിയമ വിരുദ്ധമായ വ്യവസ്ഥകള്‍ മാത്രം മതിയാകും ഇതൊരു ചാരിറ്റി സംഘടന അല്ല എന്ന് മനസ്സിലാക്കാന്‍. ചാരിറ്റിയുടെ മറവില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് നടത്തുന്ന തൊഴില്‍ ചൂഷണങ്ങളെ തുറന്ന് കാണിക്കുന്ന കാരാര്‍ ആണിത്.  സ്ഥിരം ജീവനക്കാരും, താല്ക്കാലിക ജീവനക്കാരും അല്ലാത്ത മൂന്നാം വിഭാഗത്തില്‍ പെട്ട ജീവനക്കാരാണ് ഭാരതിലെ കരാര്‍ നേഴ്സുമാര്‍ എന്നാണ് മാനേജ്മെന്റ് ഉണ്ടാക്കിയ എഗ്രിമെന്റില്‍ പറയുന്നത്. നേഴ്സുമാര്‍ക്ക് നല്‍കുന്നത് മാസ പ്രതിഫലം (monthly consideration) മാത്രമാണെന്നും ശമ്പളം , പി.എഫ് ഉള്‍പ്പടെയുള്ള ഒരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ലെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. നിങ്ങള്‍ എത്ര വര്ഷം ജോലി ചെയ്തവരായാലും ഒരു മാസത്തെ മുന്‍‌കൂര്‍ നോട്ടീസ് നല്‍കിയില്ലെങ്കില്‍ ഒരു കാരണവശാലും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നതുള്‍പ്പടെയുള്ള നിബന്ധനകള്‍ നിയമ വ്യവസ്ഥയോടുള്ള മാനേജ്മെന്റിന്റെ വെല്ലുവിളിയാണ്.

    സ്വതന്ത്രമായ ഒരു സാഹചര്യത്തിൽ കൊടുത്ത സമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ കരാറുകള്‍ക്ക് മാത്രമേ നിയമ പ്രാബല്യമുള്ളു. കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നിയമാനുസൃതമായിരിക്കണം. ചതിയിലൂടെയോ, ഭീഷണിപ്പെടുത്തിയോ, തെറ്റിദ്ധരിപ്പിച്ചോ, അന്യായമായി സ്വാധീനം ചെലുത്തിയോ ഉണ്ടാക്കിയ കരാറുകള്‍ക്ക് നിയമ പ്രാബല്യമില്ല. കക്ഷികൾക്ക് വസ്തുതയെ സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടായിരിക്കെ ഉണ്ടാക്കിയ കരാറിനും നിയമ പ്രാബല്യമില്ല. ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം ഇംഗ്ലീഷില്‍ എഴുതിയുണ്ടാക്കിയ ഈ കരാറിലെ വ്യവസ്ഥകള്‍ വായിച്ചാല്‍ പോലും മനസ്സിലാകുന്നവരല്ല ഇവിടുത്തെ ഭൂരിഭാഗം നേഴ്സുമാരും.

     പാവപ്പെട്ട നേഴ്സുമാരെ ചൂഷണം ചെയ്ത് ബ്ലാങ്ക് മുദ്രപ്പത്രത്തിലും ബ്ലാങ്ക് വെള്ള പേപ്പറുകളിലും ഒപ്പിട്ട് വാങ്ങിയശേഷം എഴുതിയുണ്ടാക്കിയ ഈ കരാറും അതിലെ അന്യായമായ വ്യവസ്ഥകളും ഒരു കാരണവശാലും നില നില്‍ക്കുന്നതല്ല എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പോയ വര്‍ഷങ്ങളില്‍ ഈ കരാറിന്‍റെ പേരില്‍ എത്രയോ നേഴ്സുമാരുടെ കണ്ണുനീരും ശാപവും അക്ഷരനഗരിയില്‍ വീണിട്ടുണ്ടാകും. ഭാരത്‌ ഹോസ്പിറ്റല്‍ ചാരിറ്റബിള്‍ സൊസൈറ്റി അക്ഷരനഗരിക്ക് മാത്രമല്ല, കേരളത്തിനാകെ അപമാനമാണ്.

Monday, September 18, 2017

Senkumar Case Expenses


To
   State Public Information Officer / Dy. Secretary
    O/o Advocate General Of Kerala
    Ernakulam, Kochi-682031

Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
          സൂചന:(1) 22.06.2017-ലെ താങ്കളുടെ കത്ത് നം എഡി.ബി 70/25887/17/ആര്‍.ടി.ഐ
               (2) ബഹു സുപ്രീം കോടതിയിലെ CIVIL APPEAL NO. 5227 OF 2017 ( Dr. T.P. Senkumar IPS Vs Union of India & Ors.)

    സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ടി സുപ്രീം കോടതിയിലെ അപ്പീലുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച സൂചന ഒന്നിലെ അവ്യക്തവും അതൃപ്തികരവുമായ മറുപടിയാണ് ഈ പുതിയ വിവരാവകാശ അപേക്ഷ നല്‍കാനുള്ള കാരണം. ആയതിനാല്‍, സുപ്രീം കോടതിയിലെ വിവിധ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. സുപ്രീം കോടതിയിലെ വിവിധ കേസുകളില്‍ സ്റ്റാന്റിംഗ് കോണ്‍സലര്‍മാരോടൊപ്പം മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുക.
    a. ഫീസ്‌ നിശ്ചയിച്ച ശേഷമാണോ നിശ്ചയിക്കാതെയാണോ ടി മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുന്നത് എന്ന വിവരം.
    b. സൂചന രണ്ടിലെ അപ്പീലില്‍ കോണ്‍സലര്‍മാരോടൊപ്പം പ്രസ്തുത കേസ് നടത്തിപ്പിനായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരുടെ പേരും അവരുടെ മുന്‍കൂട്ടി നിശ്ചയിച്ച ഫീസും.

2. സൂചന ഒന്ന് പ്രകാരമുള്ള മറുപടിയില്‍ സൂചന രണ്ടിലെ കേസ് നടത്തിയതുമായി ബന്ധപ്പെട്ട് ബില്ലുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ടി വിവരം  ഇപ്പോള്‍ ലഭിച്ച് കാണും എന്ന് കരുതുന്നു. ആയതിനാല്‍, ടി അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച  അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കിയ തുകയുടെ വിശദാംശങ്ങള്‍.
    a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കിയ തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.
    b. ടി തുക എപ്രകാരമാണ് നല്‍കിയതെന്ന വിവരം. (Mode of payment)
    c. ടി തുകയ്ക്കായി അഭിഭാഷകര്‍ നാളിതുവരെ നല്‍കിയ ബില്ലിന്റെ പകര്‍പ്പ്.

3.  സൂചന രണ്ടിലെ അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച  അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കേണ്ട തുകയുടെ വിശദാംശങ്ങള്‍.
    a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കേണ്ട തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.

4.  സൂചന ഒന്നിലെ കത്തിനാസ്പദമായ വിവരാവകാശ അപേക്ഷ കൈകാര്യം ചെയ്ത ഫയലിലെ മുഴുവന്‍ പേജുകളുടേയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം.

എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
       
                            വിശ്വസ്തതയോടെ

കോട്ടയം                                   
09-08-2017                                                            Mahesh Vijayan
                                                                               RTI & Legal Consultant
                                                                              Aam Aadmi Party                                                                               

Thursday, August 3, 2017

RTI Sriram Venkataraman Transfer

ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമന് എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമനം നല്‍കിയത് പ്രമോഷനല്ല; വെറും ട്രാന്‍സ്ഫര്‍ മാത്രം. ഇത് സംബന്ധിച്ച് ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊതുഭരണ (സ്പെഷ്യല്‍ സി) വകുപ്പ് അണ്ടര്‍ സെക്രട്ടറി രാജേശ്വരി കെ, സബ്ബ് കളക്ടര്‍ ഗ്രേഡ് 1-ഉം എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറും തുല്യ പദവികളാണെന്ന് വ്യക്തമാക്കിയത്. ദേവികുളം സബ്ബ് കളക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ 01/01/2017 മുതല്‍ സീനിയര്‍ ടൈം സ്കെയിലിലേക്ക് പ്രമോഷന്‍ നല്‍കി, സബ് കളക്ടര്‍ ഗ്രേഡ് 1 ആയി ദേവികുളത്ത് തന്നെ പോസ്റ്റ്‌ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന് ശേഷം 06/07/2017-ലാണ് ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിച്ചത്.

ദേവികുളം സബ് കളക്ടറുടെ പദവിയേക്കാള്‍ ഉയര്‍ന്ന പദവിയാണോ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറുടേത് എന്ന വിവരാവകാശ അപേക്ഷയിലെ ചോദ്യത്തിന്, സബ്ബ് കളക്ടര്‍ ഗ്രേഡ് 1, ഡയറക്ടര്‍, എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് എന്നിവ സീനിയര്‍ ടൈം സ്കെയിലിലെ ഉദ്യോഗസ്ഥരെ നിയമിക്കാവുന്ന തസ്തികകളാണ് എന്നാണ് മറുപടി ലഭിച്ചത്. 18.02.2013-ലെ കേന്ദ്ര പേര്‍സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഐ.എ.എസ് കേരള കേഡറിലെ നിലവിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണിതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

വിവരാവകാശ അപേക്ഷ

To
State Public Information Officer
General Administration Department
2nd Floor, North Block
Secretariat, Thiruvananthapuram– 695001

Sir,

വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
സൂചന: ദേവികുളം സബ് കളക്ടറെ ട്രാന്‍സ്ഫര്‍ ചെയ്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍: G.O (Rt) No. 4210/2017/GAD Dated 06/07/2017
          സൂചനയിലെ സര്‍ക്കാര്‍ ഉത്തരവിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ ടി വിവരം അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. ദേവികുളം സബ്ബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായി നിയമിച്ചത് ട്രാന്‍സ്ഫര്‍ ആണോ പ്രമോഷന്‍ ആണോ എന്ന വിവരം.
2. ദേവികുളം സബ് കളക്ടറുടെ പദവിയേക്കാള്‍ ഉയര്‍ന്ന പദവിയാണോ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറുടേത് എന്ന വിവരം.
           a. ഉയര്‍ന്ന പദവിയാണെങ്കില്‍ ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
          b. ഉയര്‍ന്ന പദവിയല്ലെങ്കില്‍ രണ്ടും ഏത് തലത്തിലുള്ള (ഉദാ: താഴ്ന്നതാണോ, ഒരേ തലമാണോ) പദവിയാണ് എന്നതിന്റെ വിശദാംശങ്ങള്‍.
3. ശ്രീറാം വെങ്കിട്ടരാമന് നാളിതുവരെ നല്‍കിയിട്ടുള്ള എല്ലാ പ്രമോഷന്റേയും (സ്ഥാനക്കയറ്റം) വിശദാംശങ്ങള്‍.
  • എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്. 
  • ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.

                                                    വിശ്വസ്തതയോടെ
    കോട്ടയം                                                                                      Mahesh Vijayan
    08-07-2017                                                                                   RTI & Legal Consultant
                                                                                                         Aam Aadmi Party

    മറുപടി


എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ്


ശ്രീറാം വെങ്കിട്ടരാമനെ സീനിയര്‍ ടൈം സ്കെയിലിലേക്ക് പ്രമോട്ട് ചെയ്ത് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.



   

Thursday, July 13, 2017

ദിലീപിനെ 'അമ്മ'-യില്‍ നിന്ന് പുറത്താക്കിയത് ബൈലോ ലംഘിച്ച്

      നടന്‍  ദിലീപിനെ 'അമ്മ'-യില്‍ നിന്ന് പുറത്താക്കിയത് ബൈലോ ലംഘിച്ച്.  നിയമാനുസൃതമല്ലാത്ത അമ്മയുടെ നടപടി മുഖം രക്ഷിക്കാനോ ?.   ചാരിറ്റബിള്‍ സൊസൈറ്റിയായി  തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത അമ്മയുടെ ബൈലോ പ്രകാരം  ഒരംഗത്തെ പുറത്താക്കണമെങ്കില്‍,  അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടി വിഷയം  അച്ചടക്ക സമിതിക്ക് കൈമാറണം.   അംഗത്തിന്‍റെ വിശദീകരണവും തെളിവുകളും പരിശോധിച്ചത്തിനും ശേഷം അച്ചടക്ക സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വേണം എക്സിക്യുട്ടീവ് കമ്മിറ്റി കൂടി  അംഗത്വം റദ്ദാക്കുകയോ സസ്പെന്ഡ് ചെയ്യാനുള്ള തീരുമാനം എടുക്കേണ്ടത്. കൂടാതെ, കമ്മിറ്റി തീരുമാനം അംഗത്തെ അറിയിച്ച്, ഷോകേസ് നോട്ടീസ് നല്‍കി മറുപടിയും കേട്ടിട്ട് വേണം അന്തിമ തീരുമാനമെടുക്കാന്‍. സംഘടനയുടെ ബൈലോയിലെ ആര്‍ട്ടിക്കിള്‍ V-ല്‍ 17, 18  എന്നീ സെക്ഷനുകളിലാണ്  ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 


       മലയാളത്തിലെ മഹാനടന്മാര്‍ പങ്കെടുത്ത  11.07.2017-ലെ അമ്മയുടെ അടിയന്തിര എക്സിക്യുട്ടീവ് കമ്മിറ്റിയാണ്  ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തത്. മഹാനടന്മാര്‍ക്ക് അറിവില്ലാഞ്ഞിട്ടാണോ എന്നറിയില്ല, ഈ തീരുമാനം ബൈലോയ്ക്ക് എതിരാണ്.  

   

       ട്രെഷററായ' ദിലീപിന്‍റെ കൂടി ഒപ്പില്ലാതെ സാമ്പത്തിക ഇടപാടുകള്‍ അമ്മയ്ക്ക് ഇനി നടത്താനാവില്ല.  പകരം മറ്റൊരാളെ  ട്രെഷറായി  കണ്ടെത്തണമെങ്കില്‍ വീണ്ടും ജനറല്‍ ബോഡി കൂടണം. ആരെങ്കിലും ജില്ലാ രജിസ്ട്രാര്‍ക്ക്  പരാതി  നല്‍കിയാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ ദിലീപിനെ പുറത്താക്കിയ അമ്മയുടെ തീരുമാനം നിലനില്‍ക്കില്ല. അപ്പോള്‍ ദിലീപ് തന്നെ ട്രെഷററായി തുടരും. അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ദിലീപിനെ വീണ്ടും പുറത്താക്കുകയോ ദിലീപ് സ്വയം രാജി വെച്ച് ഒഴിയുകയോ ചെയ്യേണ്ടി വരും. 

അമ്മയുടെ ബൈലോയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
http://www.malayalamcinema.com/by-law.php

Thursday, July 6, 2017

RTI Devikulam Sub Collector Transfer

From
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com
    mo: +91 93425 02698
To
State Public Information Officer
    O/O the Chief Secretary
    Government Secretariat
    Thiruvananthapuram – 695001
Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
        
    ദേവികുളം സബ്ബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിക്കാന്‍ തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട  താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. ടി തീരുമാനമെടുത്ത  മന്ത്രിസഭാ യോഗത്തിന്‍റെ അജണ്ടയുടേയും ടി തീരുമാനത്തിന്റേയും പകര്‍പ്പ്
    a. ടി തീരുമാനമെടുക്കാന്‍ ആധാരമാക്കിയ എല്ലാ രേഖകളുടെയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം

2.  ഒരു IAS ഓഫീസറെ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ പ്രമോഷനോടൊപ്പം മറ്റൊരിടത്ത് നിയമനം നല്‍കുകയോ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കുന്ന രേഖകള്‍.
    a. ടി നടപടിക്രമങ്ങള്‍ ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി  നിയമിച്ചപ്പോള്‍ പാലിച്ചിട്ടുണ്ട് എന്ന വ്യക്തമാക്കുന്ന എല്ലാ രേഖകള്‍.
   
3. ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി / പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ ഫയല്‍ നമ്പറുകളും.
    a. ടി എല്ലാ ഫയലിലേയും എല്ലാ പേജുകളും ഫയല്‍ കുറിപ്പ് സഹിതം..

4.  ഒരിക്കല്‍ നിയമിച്ച് കഴിഞ്ഞാല്‍ ഒരു IAS ഓഫീസറെ തത്സ്ഥാനത്ത് കുറഞ്ഞത് എത്ര നാള്‍ നാള്‍ തുടരാന്‍ അനുവദിക്കണം എന്നാണ് കീഴ്വഴക്കം/ചട്ടം എന്ന് വ്യക്തമാക്കുന്ന രേഖകള്‍.
    a. ടി കാലയളവിന് മുന്‍പ് ഒരു IAS ഓഫീസറെ സ്ഥലം മാറ്റുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍.
    b. 2014 -ലെ സിവില്‍ സര്‍വ്വീസ് ചട്ട ഭേദഗതി പ്രകാരം, ദേവികുളം സബ്ബ് കളകടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമനെ എന്ന് വരെ ദേവികുളത്ത് തുടരാന്‍ അനുവദിക്കണമായിരുന്നു എന്ന വിവരം.
    c. സംസ്ഥാന സിവില്‍ സര്‍വ്വീസ് ബോര്‍ഡ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നതിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടോ എന്ന വിവരം. ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്.

5.  എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയിട്ടുള്ള എല്ലാ IAS ഓഫീസര്‍മാരുടേയും സ്ഥലം മാറ്റങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം.
    a. സ്ഥലം മാറ്റം ലഭിച്ച എല്ലാ ഉദ്യോഗസ്ഥരുടേയും പേരും സ്ഥാനപ്പേരും.
    b. സ്ഥലം മാറ്റാനുണ്ടായ കാരണം
    c. ഏത് തസ്തികയില്‍ നിന്നും ഏത് തസ്തികയിലേക്കാണ് സ്ഥലം മാറ്റിയതെന്ന വിവരം
    d. സ്ഥലം മാറ്റിയ തീയതി
    e. ഏത് തസ്തികയില്‍ ഇരുന്നപ്പോഴാണോ സ്ഥലം മാറ്റം നല്‍കിയത് ടി തസ്തികയില്‍ ടി സ്ഥലത്ത് ടി ഓഫീസര്‍ എത്ര നാള്‍ ജോലി ചെയ്തു എന്ന വിവരം.
   
എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
       
                            വിശ്വസ്തതയോടെ

കോട്ടയം                                   
06-07-2017                                             Mahesh Vijayan
                                                               RTI & Legal Consultant
                                                              Aam Aadmi Party                                                                        

Monday, August 8, 2016

Transfer of Prisoners Agreement

വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ അനുഭവിക്കുന്ന വിദേശ തടവുകാരെ പരസ്പരം കൈമാറുന്നതിനും അവരുടെ അവശേഷിക്കുന്ന ശിക്ഷ മാതൃരാജ്യങ്ങളില്‍ അനുഭവിക്കുന്നതിനും നിരവധി രാജ്യങ്ങളുമായി ഇന്ത്യ  ഒപ്പ് വെച്ചിട്ടുണ്ട്.  വിദേശ രാജ്യങ്ങളിലെ ഭൂരിഭാഗം ഇന്ത്യന്‍ തടവുകാരും ഗള്‍ഫിലെ വിവിധ ജയിലുകളിലാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍,  തടവുകാരുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ്  ഞാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലേക്ക് അപേക്ഷ അയക്കുകയുണ്ടായി. അതിന്  ലഭിച്ച  മറുപടിയിലാണ് മിക്കതും ഇതുവരേയും നടപ്പാക്കിയിട്ടില്ല എന്ന് വെളിവായത്.

Tuesday, July 26, 2016

ഗ്രാമ / വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ടവ

      കേരളത്തിലെ ഭൂരിഭാഗം ഗ്രാമ/വാര്‍ഡ്‌ സഭകളും  ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്  ഇത് സംബന്ധിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം നഗരസഭയില്‍ വിവരാവകാശ അപേക്ഷ നല്കിയത്. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  കൂടാതെ,   വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരവും ഗ്രാമ/വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതാണെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ടി വിവരങ്ങള്‍ എല്ലാ തദ്ദേശ സ്വയം  ഭരണ സ്ഥാപനങ്ങളും സ്വമേധയാ പരസ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഞാന്‍ ആരഭിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ ഞാന്‍ താമസിക്കുന്ന  വാര്‍ഡിലെ വാര്‍ഡ്‌സഭയില്‍ പോലും ക്വാറം തികയാതെയാണ് യോഗം നടന്നത്. ടി യോഗം റദ്ദാക്കണം എന്നാവശ്യപ്പെട്ട്  മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ അറിയുവാന്‍ വിവരാവകാശ അപേക്ഷയും നല്‍കിയിട്ടുണ്ട്.

03-03-2016-ല്‍ നല്‍കിയ വിവരാവകാശ അപേക്ഷ
To
    State Public Information Officer
    Kottayam Municipality

Sir,
         വിഷയം: വാര്‍ഡ്‌ സഭകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

      കോട്ടയം  നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും 2015 ഡിസംബര്‍ ഒന്നിന്  ശേഷം നടന്നിട്ടുള്ള എല്ലാ വാര്‍ഡ്‌ സഭ യോഗങ്ങളുമായും ബന്ധപ്പെട്ട താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1. വാര്‍ഡ്‌ നമ്പര്‍
2. കൌണ്‍സിലറുടെ പേര്
3. വാര്‍ഡ്‌ സഭ നടന്ന തീയതി, യോഗം ആരംഭിച്ച സമയം, അവസാനിച്ച സമയം
4. വാര്‍ഡ്‌ സഭ യോഗം നടന്ന സ്ഥലം, യോഗം നടന്ന ഹാളിന്റെ വിസ്തീര്‍ണ്ണം.
5. യോഗാദ്ധ്യക്ഷന്റെ പേര്, സ്ഥാനപ്പേര്
6. ടി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം, വാര്‍ഡ്‌ സഭയില്‍ ക്വാറം തികയുന്നതിന് വേണ്ട അംഗങ്ങളുടെ എണ്ണം
7. ടി  വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം. 
8. ടി വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ പേര് വിവരം അടങ്ങിയ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്.
9. ടി വാര്‍ഡ്‌ സഭയുടെ അജണ്ടയുടെ പകര്‍പ്പ്
10. ടി  വാര്‍ഡ്‌ സഭയുടെ മിനുട്സ്, തീരുമാനങ്ങള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
11. ടി വാര്‍ഡ്‌ സഭയുടെ യോഗ അറിയിപ്പ് നോട്ടീസ് (നോട്ടീസിന്റെ യഥാര്‍ത്ഥ വില ഈടാക്കി).
12. ടി വാര്‍ഡ്‌ സഭ യോഗം സംബന്ധിച്ച  അറിയിപ്പ് നോട്ടീസ് അംഗങ്ങളുടെ വീടുകളില്‍ നല്‍കി,  അറിയിപ്പ് ലഭിച്ചതായി അംഗങ്ങളില്‍ നിന്നും രേഖാമൂലം ഒപ്പിട്ട് വാങ്ങിയിട്ടുണ്ടോ എന്ന വിവരം
    a. ഉണ്ടെങ്കില്‍ ഇപ്രകാരം എത്ര വീടുകളില്‍ അറിയിച്ചു എന്ന വിവരം
13. യോഗം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ പകര്‍പ്പ്, വാര്‍ത്ത വന്ന പത്രത്തിന്റെ പേര്, തീയതി.
14. ടി വാര്‍ഡ്‌ സഭ യോഗ വിവരം പൊതുജനങ്ങളെ അറിയിക്കുവാന്‍ സ്വീകരിച്ച നടപടികള്‍. ഇതിന് ചിലവായ തുകയുടെ വിശദാംശങ്ങള്‍.
15. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ ഏതെല്ലാമെന്ന വിവരം
16. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ (അവയുടെ യഥാര്‍ത്ഥ വില ഈടാക്കി)
17. ടി വാര്‍ഡ്‌ സഭ യോഗത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടോ എന്ന വിവരം.
18. ടി വാര്‍ഡ്‌ സഭ യോഗത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടോ എന്ന വിവരം.
19. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ മൈക്ക് ഉപയോഗിച്ചിരുന്നോ എന്ന വിവരം.
20. ടി വാര്‍ഡ്‌ സഭയില്‍ രേഖാമൂലം ലഭിച്ച ചോദ്യങ്ങളുടെ പകര്‍പ്പും അവയ്ക്ക് നല്‍കിയ മറുപടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
21. ടി വാര്‍ഡ്‌ സഭയില്‍ ലഭിച്ച നിവേദനങ്ങളുടെ/പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
22. ടി വാര്‍ഡ്‌ സഭ നടത്തുന്നതിനായി ആകെ ചിലവായ തുക. ടി തുക  ഏതിനത്തില്‍ ചിലവാക്കി എന്ന വിവരം
23. ക്വാറം തികയാതിരുന്നതിനാല്‍ യോഗം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ മാറ്റി വെച്ച തീയതി.
24. ടി  വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട രേഖകള്‍ -പങ്കെടുത്തവരുടെ വിവരം, ചര്‍ച്ചാ കുറിപ്പുകള്‍, മിനുട്സ്, തീരുമാനങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍, ഫോട്ടോഗ്രാഫ്, വീഡിയോ തുടങ്ങിയവ- കോര്‍ഡിനേറ്റര്‍ സെക്രട്ടറിയെ ഏല്‍പ്പിച്ച തീയതി.
25. എല്ലാ വാര്‍ഡ്‌ സഭകളിലും  എടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടേയും പകര്‍പ്പ് CD-യില്‍ ലഭ്യമാക്കുക.
26.  ഒന്നാം അപ്പീല്‍ അധികാരിയുടെ പേര്, വിലാസം, ഒഫിഷ്യല്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം                                                                                                                                                                                        
       
                            വിശ്വസ്തതയോടെ
കോട്ടയം                                           03-03-2016                                                                                         മഹേഷ്‌ വിജയന്‍

ലഭിച്ച മറുപടി:


12-04-2016-ലെ ഒന്നാം അപ്പീല്‍
To
    First Appellate Authority (RTI)
    Kottayam Municipality
    Kottayam - 686001

Sir,
       വിഷയം:  വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേല്‍ സമര്‍പ്പിക്കുന്ന ഒന്നാം അപ്പീല്‍ അപേക്ഷ.

അനുബന്ധ തീയതികള്‍
അപേക്ഷ സമര്‍പ്പിച്ച തീയതി:   03-03-2016
നിയമപ്രകാരം മറുപടി ലഭിക്കേണ്ടിയിരുന്ന അവസാന തീയതി: 01-04-2016
PIO മറുപടി നല്കിയ തീയതി:   02-04-2016
മറുപടി അപേക്ഷകന് ലഭിച്ച തീയതി: 04-04-2016

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിശദാംശങ്ങള്‍
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്‍ഡ്‌ പി.എ ടു സെക്രട്ടറി, കോട്ടയം നഗരസഭ
     
ആവശ്യപ്പെട്ട വിവരം
        കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട വിവരം. ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയും കൈപ്പറ്റ്‌ രസീതിന്റെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

അപ്പീലില്‍ ബോധിപ്പിക്കുന്ന ആക്ഷേപങ്ങള്‍
    1.  അപേക്ഷ നല്‍കിയ ദിവസം മുതല്‍ മുപ്പത് ദിവസം കണക്ക് കൂട്ടുമ്പോള്‍ നിയമപ്രകാരം മറുപടി ലഭിക്കേണ്ട അവസാന തീയതി  01-04-2016 ആണ്. എന്നാല്‍ പി.ഐ.ഒ മറുപടി തയ്യാറാക്കിയിരിക്കുന്നത് പോലും 02-04-2016 തീയതിയിലാണ്. ടി മറുപടിയില്‍ ഞാന്‍ അപേക്ഷ നല്‍കിയ തീയതി 04-03 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം സമര്‍പ്പിക്കുന്ന കൈപ്പറ്റ്‌ രസീതിലെ തീയതി ശ്രദ്ധിക്കുക.
    2. അപൂര്‍ണ്ണവും അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയിലൂടെ ആവശ്യപ്പെട്ട വിവരം നിഷേധിച്ചിരിക്കുന്നു. പകരം അപേക്ഷകനോട് നേരിട്ട് വന്ന് രേഖകള്‍ പരിശോധിക്കാന്‍ ആണ് പി.ഐ.ഒ ആവശ്യപ്പെട്ടിരിക്കുന്നത്. ടി മറുപടി പൂര്‍ണമായും  2007-dec-3-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ-യുടെ ലംഘനമാണ്. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ക്ഷണിച്ച് വരുത്തുന്നത് സംബന്ധിച്ച ടി ഉത്തരവിലെ പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പി.ഐ.ഒ പാലിച്ചിട്ടില്ല. ടി ഉത്തരവ് അനുസരിച്ച്, അപേക്ഷകരെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാനോ അങ്ങനെ ഹാജരായില്ല എന്ന കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനോ ഉള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.
    അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ വിവരം നല്കേണ്ടതാണ്.
    3. ചില രേഖകള്‍ പേജൊന്നിന് രണ്ട് രൂപാ നിരക്കില്‍ അടച്ച് കൈപ്പറ്റാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്‌. എത്ര പേജ് ഉണ്ടെന്നോ എത്ര  രൂപ അടയ്ക്കണമെന്നോ അങ്ങനെ അടയ്ക്കണമെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.
   
അപ്പീലിന്മേല്‍ സ്വീകരിക്കേണ്ട മേല്‍നടപടികള്‍
1. നിയമപ്രകാരമുള്ള നിശ്ചിത കാലയളവില്‍ വിവരം നല്‍കാതിരുന്നതിനാല്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സൌജന്യമായി അപേക്ഷകന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ഇത്മൂലം പൊതുഅധികാര സ്ഥാപനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അതിന് ഉത്തരവാദികളായ ഓഫീസര്‍മാരില്‍ നിന്നും ഈടാക്കുക.
[ 2006-oct-30-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 77000/സി.ഡി.എന്‍.5/06/പൊ.ഭ.വ  കാണുക]

2. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  എന്നാല്‍ കോട്ടയം നഗരസഭയില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.  വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരവും ടി ചട്ടങ്ങള്‍ പ്രകാരവും വാര്‍ഡ്‌സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

3. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന മേല്‍നടപടികളും ഇത്തരം പ്രവൃത്തികള്‍ PIO-യുടെ ഭാഗത്ത് നിന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

4. ഈ അപ്പീലുമായി ബന്ധപ്പെട്ട എല്ലാവിധ കത്തിടപാടുകളും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ നടത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
                                                               വിശ്വസ്തതയോടെ
                               
                                                         
കോട്ടയം                            മഹേഷ്‌ വിജയന്‍
12-04-2016                                         

ഒന്നാം അപ്പീലിലെ തീരുമാനം

സംസ്ഥാന വിവരാവകാശ കമ്മീഷന്  നല്‍കിയ രണ്ടാം അപ്പീല്‍.To
    Shri. Vinson M Paul
    State Information Commission
    T.C. 26/298, Punnen Road
     Thiruvananthapuram - 695 001
Sir,
             വിഷയം: വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേല്‍ സമര്‍പ്പിക്കുന്ന രണ്ടാം അപ്പീല്‍ അപേക്ഷ.

    വാര്‍ഡ്‌/ഗ്രാമ സഭ യോഗ തീരുമാനങ്ങള്‍ സ്വമേധയാ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ചതും കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും വികസനത്തേയും ബാധിക്കുന്ന ഒരു വിഷയം ആയതിനാലും ബഹുമാനപ്പെട്ട മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോള്‍ സാര്‍ ഈ അപ്പീല്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഒന്നാം എതിര്‍കക്ഷി
    പി.ഐ.ഒ & സൂപ്രണ്ട്
    ജനറല്‍ വിഭാഗം
    കോട്ടയം നഗരസഭ - 686001

രണ്ടാം എതിര്‍കക്ഷി
    അപ്പീല്‍ അധികാരി & പി.എ ടു സെക്രട്ടറി
    കോട്ടയം നഗരസഭ - 686001

അനുബന്ധ തീയതികള്‍
അപേക്ഷ സമര്‍പ്പിച്ച തീയതി:   03-03-2016
നിയമപ്രകാരം വിവരം ലഭിക്കേണ്ടിയിരുന്ന അവസാന തീയതി: 01-04-2016
ഫീസ്‌ അടയ്ക്കാനാവശ്യപ്പെട്ട് PIO മറുപടി നല്കിയ തീയതി:   02-04-2016
മറുപടി അപേക്ഷകന് ലഭിച്ച തീയതി: 04-04-2016
ഒന്നാം അപ്പീല്‍ നല്‍കിയ തീയതി: 13-04-2016       
അപ്പീല്‍ അധികാരിയുടെ തീരുമാനം ലഭിച്ച തീയതി: 06-05-2016

ആവശ്യപ്പെട്ട വിവരം
കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട വിവരം. ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷ, ഒന്നാം അപ്പീല്‍, ലഭിച്ച മറുപടികള്‍, കൈപ്പറ്റ്‌ രസീത് എന്നിവയുടെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

രണ്ടാം അപ്പീലില്‍ ബോധിപ്പിക്കുന്ന ആക്ഷേപങ്ങള്‍
1.  അപേക്ഷ നല്‍കിയ ദിവസം മുതല്‍ മുപ്പത് ദിവസം കണക്ക് കൂട്ടുമ്പോള്‍ നിയമപ്രകാരം വിവരം ലഭിക്കേണ്ട അവസാന തീയതി  01-04-2016 ആണ്. എന്നാല്‍ ഫീസ്‌ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.ഐ.ഒ മറുപടി തയ്യാറാക്കിയിരിക്കുന്നത് നിശ്ചിത സമയത്തിന് ഒരു ദിവസം കഴിഞ്ഞ് 02-04-2016 തീയതിയിലാണ്. ടി മറുപടിയില്‍ ഞാന്‍ അപേക്ഷ നല്‍കിയ തീയതി 04-03 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം സമര്‍പ്പിക്കുന്ന കൈപ്പറ്റ്‌ രസീതിലെ തീയതി 03-03-2016 എന്നാണ്.  അഥവാ 04-03-16-ലാണ് അപേക്ഷ ടി ഉദ്യോഗസ്ഥന് ലഭിച്ചിരിക്കുന്നത് എന്ന് കണക്കാക്കിയാല്‍ തന്നെ മറുപടി തരേണ്ട അവസാന ദിവസമാണ് ഫീസ്‌ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് കാണാം. അപ്പോഴും അപേക്ഷ നല്കി 30 ദിവസം പൂര്‍ത്തിയാകുന്നു.
   
2. അപൂര്‍ണ്ണവും അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയിലൂടെ ആവശ്യപ്പെട്ട വിവരം നിഷേധിച്ചിരിക്കുന്നു. പകരം അപേക്ഷകനോട് നേരിട്ട് വന്ന് രേഖകള്‍ പരിശോധിക്കാന്‍ ആണ് പി.ഐ.ഒ ആവശ്യപ്പെട്ടിരിക്കുന്നത്. ടി മറുപടി പൂര്‍ണമായും  2007-dec-3-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ-യുടെ ലംഘനമാണ്. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ക്ഷണിച്ച് വരുത്തുന്നത് സംബന്ധിച്ച ടി ഉത്തരവിലെ പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പി.ഐ.ഒ പാലിച്ചിട്ടില്ല. ടി ഉത്തരവ് അനുസരിച്ച്, അപേക്ഷകരെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാനോ അങ്ങനെ ഹാജരായില്ല എന്ന കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനോ ഉള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.
    അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ വിവരം നല്കേണ്ടതാണ്.
3. ചില രേഖകള്‍ പേജൊന്നിന് രണ്ട് രൂപാ നിരക്കില്‍ അടച്ച് കൈപ്പറ്റാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്‌. എത്ര പേജ് ഉണ്ടെന്നോ എത്ര  രൂപ അടയ്ക്കണമെന്നോ അങ്ങനെ അടയ്ക്കണമെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.

4. മേല്‍ കാരണങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഒന്നാം അപ്പീലില്‍ രണ്ടാം എതിര്‍കക്ഷി തെറ്റായ തീരുമാനമാണ് എടുത്തത്.  നഗരസഭയുടെ കോട്ടയം ഓഫീസിലെ ഫ്രെണ്ട് ഓഫീസില്‍ 03-03-2016-ല്‍ നേരിട്ട് നല്കിയ അപേക്ഷയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ 04-03-16 എന്ന് സീല്‍ ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ ടി അപേക്ഷ 08-03-16-ലാണ് അസിസ്റ്റന്റ് വിവരാവകാശ ഓഫീസര്‍ ഒന്നാം എതിര്‍കക്ഷിക്ക് കൈമാറിയതെന്നും അപേക്ഷ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ 35 ദിവസം വരെ എടുക്കാം എന്നുമായിരുന്നു അപ്പീല്‍ അധികാരിയുടെ കണ്ടുപിടുത്തം. മറ്റൊരു പൊതുഅധികാരിയ്ക്ക് അപേക്ഷ കൈമാറുമ്പോള്‍ മാത്രമാണ് ഇപ്രകാരം 5 ദിവസം അധികം എടുക്കാന്‍ സാധിക്കുന്നത്.  എന്ന് മാത്രവുമല്ല, 6(3) പ്രകാരം അപേക്ഷ കൈമാറിക്കൊണ്ടുള്ള യാതൊരുവിധ അറിയിപ്പും അപേക്ഷന് ലഭിച്ചിട്ടുമില്ല.

    ഒന്നിലധികം എസ്.പി.ഐ.ഒ-മാര്‍ ഉള്ള എല്ലാ പൊതുഅധികാരകേന്ദ്രങ്ങളും അപേക്ഷകളും അപ്പീലുകളും കൈകാര്യം ചെയ്യുന്നതിനായി ഒരു കേന്ദ്രസ്ഥാനം സൃഷ്ടിക്കണമെന്നും അപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍/അപ്പീലുകള്‍ അന്ന് തന്നെ വിതരണം ചെയ്തിട്ടുണ്ടെന്നുള്ളത് ഉറപ്പ് വരുത്തണമെന്നും 2008 ജൂലൈ 16-ലെ പൊതുഭരണ (ഏകോപന) വകുപ്പ് നം 100401/സി.ഡി.എന്‍ 5/7/ജി.എ.ഡി എന്ന ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഒന്നാം എതിര്‍കക്ഷിയെ സംരക്ഷിക്കുന്നതിനായി രണ്ടാം എതിര്‍കക്ഷി വസ്തുതകള്‍ വളച്ചൊടിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന കാരണങ്ങള്‍ നിരത്തി ഒന്നാം അപ്പീലില്‍ തീരുമാനമെടുക്കുകയാണ്  ചെയ്തിരിക്കുന്നത്.

5. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  എന്നാല്‍ ഭൂരിഭാഗം നഗരസഭകളും ഈ ഉത്തരവ് പാലിക്കുന്നില്ല.  ഇപ്രകാരം പരസ്യപ്പെടുത്താത്തത് കൊണ്ടാണ് ഇതിനായി അപേക്ഷകര്‍ക്ക് പണം ചിലവഴിക്കേണ്ടി വരുന്നത്.

രണ്ടാം അപ്പീലിന്മേല്‍ സ്വീകരിക്കേണ്ട മേല്‍നടപടികള്‍
1. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരം വാര്‍ഡ്‌ / ഗ്രാമ സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
2. നിയമപ്രകാരമുള്ള നിശ്ചിത കാലയളവില്‍ വിവരം നല്‍കാതിരുന്നതിനാല്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സൌജന്യമായി അപേക്ഷകന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ടി തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുക.
3. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ  സെക്ഷന്‍ 20(1) അനുസരിച്ചുള്ള പിഴയും 20(2) പ്രകാരം സര്‍വീസ് ചട്ടങ്ങളനുസരിച്ചുള്ള ശിക്ഷണ നടപടികള്‍ക്കായി ശിപാര്‍ശ ചെയ്യണമെന്നും അപേക്ഷിക്കുന്നു. നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ 3-3-16-ല്‍ സമര്‍പ്പിച്ച അപേക്ഷ അതേ കെട്ടിടത്തില്‍ തന്നെയുള്ള ഒന്നാം എതിര്‍കക്ഷിയുടെ കൈവശം 6 ദിവസം വൈകി 8-3-16-ലാണ്  ലഭിച്ചതെന്ന് അപ്പീല്‍ അധികാരി പറയുന്നു. ഇപ്രകാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനേയും ശിക്ഷിക്കേണ്ടതാണ്.
4 ഒന്നാം അപ്പീലില്‍ വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിച്ച് തെറ്റായ തീരുമാനമെടുത്ത അപ്പീല്‍ അധികാരിയ്ക്കെതിരെയും വകുപ്പ് തല അച്ചടക്ക നടപടികള്‍ സ്വീകരിക്കുക.

    ഈ അപ്പീലുമായി ബന്ധപ്പെട്ട എല്ലാവിധ കത്തിടപാടുകളും കഴിവതും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ നടത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
                                                               വിശ്വസ്തതയോടെ
                                                                                         
കോട്ടയം
23-07-2016                                                                                    Mahesh Vijayan   
   
Appendix - ഹാജരാക്കുന്ന രേഖകളുടെ ഇന്‍ഡക്സ്‌1. വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് (ഫീസ്‌ അടച്ചത് കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് മുഖേന)
2. ലഭിച്ച മറുപടിയുടെ പകര്‍പ്പ്
3. ഒന്നാം അപ്പീലിന്റെ പകര്‍പ്പ്
4. ഒന്നാം അപ്പീലിലെ തീരുമാനത്തിന്‍റെ പകര്‍പ്പ്.