Wednesday, October 11, 2017

Bharath Hospital Illegal Employment Contract

ഭാരത്‌ ഹോസ്പിറ്റലിലെ നേഴ്സുമാരില്‍ നിന്നും ഒപ്പിട്ട് വാങ്ങിയ ബ്ലാങ്ക് മുദ്രപ്പത്രത്തില്‍ മാനേജ്മെന്‍റ് എഴുതിയുണ്ടാക്കിയതും ഇന്നുവരെ നേഴ്സുമാര്‍ കണ്ടിട്ടില്ലാത്തതുമായ തൊഴില്‍ കരാറിന്റെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം എനിക്ക് ലഭിച്ചത് ചുവടെ കൊടുക്കുന്നു. ടി കരാറിലെ നിയമ വിരുദ്ധവും പൊതു താല്പര്യത്തിന് എതിരുമായ പ്രധാന വ്യവസ്ഥകള്‍ താഴെ പറയുന്നു.

1. കരാര്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പേ ഒരു കാരണവും ഇല്ലാതെ നിങ്ങളെ എപ്പോള്‍ വേണേലും പുറത്താക്കാന്‍ ഭാരത്‌ ഹോസ്പിറ്റല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കുന്നതാണ്.

2. നിങ്ങള്‍ ഒരു വര്‍ഷം തികയ്ക്കും മുന്‍പോ അല്ലെങ്കില്‍ ഒരു മാസം മുന്‍‌കൂര്‍ നോട്ടീസ് നല്‍കാതെയോ ജോലി  രാജി വെച്ച് പോയാല്‍ യാതൊരു കാരണവശാലും എക്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നതായിരിക്കില്ല.

3. കരാര്‍ അടിസ്ഥാനത്തിലുള്ള ഈ നിയമനം നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ തൊഴില്‍, സ്ഥിരം, താല്‍ക്കാലികം അല്ലെങ്കില്‍ ആശുപത്രിയിലെ സേവനം എന്നിവയ്ക്കുള്ള അവകാശമാകുന്നില്ല.

4. നിശ്ചിത മാസ പ്രതിഫലം (monthly consideration) അല്ലാതെ സ്ഥിരം ജീവനക്കാര്‍ക്കോ താല്‍ക്കാലിക ജീവനക്കാര്‍ക്കോ ലഭിക്കുന്ന അലവന്‍സ്, ഗ്രാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട്, ശമ്പളം, വേതനം, തുടങ്ങിയ യാതൊരു വിധത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും  നിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

5. ഈ കരാറിലുള്ള ഏതെങ്കിലും ഒരു വ്യവസ്ഥ തെറ്റിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട മാസ പ്രതിഫലം നല്‍കുന്നതല്ല.

    മേല്‍ പറഞ്ഞ നിയമ വിരുദ്ധമായ വ്യവസ്ഥകള്‍ മാത്രം മതിയാകും ഇതൊരു ചാരിറ്റി സംഘടന അല്ല എന്ന് മനസ്സിലാക്കാന്‍. ചാരിറ്റിയുടെ മറവില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് നടത്തുന്ന തൊഴില്‍ ചൂഷണങ്ങളെ തുറന്ന് കാണിക്കുന്ന കാരാര്‍ ആണിത്.  സ്ഥിരം ജീവനക്കാരും, താല്ക്കാലിക ജീവനക്കാരും അല്ലാത്ത മൂന്നാം വിഭാഗത്തില്‍ പെട്ട ജീവനക്കാരാണ് ഭാരതിലെ കരാര്‍ നേഴ്സുമാര്‍ എന്നാണ് മാനേജ്മെന്റ് ഉണ്ടാക്കിയ എഗ്രിമെന്റില്‍ പറയുന്നത്. നേഴ്സുമാര്‍ക്ക് നല്‍കുന്നത് മാസ പ്രതിഫലം (monthly consideration) മാത്രമാണെന്നും ശമ്പളം , പി.എഫ് ഉള്‍പ്പടെയുള്ള ഒരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ലെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. നിങ്ങള്‍ എത്ര വര്ഷം ജോലി ചെയ്തവരായാലും ഒരു മാസത്തെ മുന്‍‌കൂര്‍ നോട്ടീസ് നല്‍കിയില്ലെങ്കില്‍ ഒരു കാരണവശാലും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നതുള്‍പ്പടെയുള്ള നിബന്ധനകള്‍ നിയമ വ്യവസ്ഥയോടുള്ള മാനേജ്മെന്റിന്റെ വെല്ലുവിളിയാണ്.

    സ്വതന്ത്രമായ ഒരു സാഹചര്യത്തിൽ കൊടുത്ത സമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ കരാറുകള്‍ക്ക് മാത്രമേ നിയമ പ്രാബല്യമുള്ളു. കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നിയമാനുസൃതമായിരിക്കണം. ചതിയിലൂടെയോ, ഭീഷണിപ്പെടുത്തിയോ, തെറ്റിദ്ധരിപ്പിച്ചോ, അന്യായമായി സ്വാധീനം ചെലുത്തിയോ ഉണ്ടാക്കിയ കരാറുകള്‍ക്ക് നിയമ പ്രാബല്യമില്ല. കക്ഷികൾക്ക് വസ്തുതയെ സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടായിരിക്കെ ഉണ്ടാക്കിയ കരാറിനും നിയമ പ്രാബല്യമില്ല. ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം ഇംഗ്ലീഷില്‍ എഴുതിയുണ്ടാക്കിയ ഈ കരാറിലെ വ്യവസ്ഥകള്‍ വായിച്ചാല്‍ പോലും മനസ്സിലാകുന്നവരല്ല ഇവിടുത്തെ ഭൂരിഭാഗം നേഴ്സുമാരും.

     പാവപ്പെട്ട നേഴ്സുമാരെ ചൂഷണം ചെയ്ത് ബ്ലാങ്ക് മുദ്രപ്പത്രത്തിലും ബ്ലാങ്ക് വെള്ള പേപ്പറുകളിലും ഒപ്പിട്ട് വാങ്ങിയശേഷം എഴുതിയുണ്ടാക്കിയ ഈ കരാറും അതിലെ അന്യായമായ വ്യവസ്ഥകളും ഒരു കാരണവശാലും നില നില്‍ക്കുന്നതല്ല എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പോയ വര്‍ഷങ്ങളില്‍ ഈ കരാറിന്‍റെ പേരില്‍ എത്രയോ നേഴ്സുമാരുടെ കണ്ണുനീരും ശാപവും അക്ഷരനഗരിയില്‍ വീണിട്ടുണ്ടാകും. ഭാരത്‌ ഹോസ്പിറ്റല്‍ ചാരിറ്റബിള്‍ സൊസൈറ്റി അക്ഷരനഗരിക്ക് മാത്രമല്ല, കേരളത്തിനാകെ അപമാനമാണ്.