Thursday, July 13, 2017

ദിലീപിനെ 'അമ്മ'-യില്‍ നിന്ന് പുറത്താക്കിയത് ബൈലോ ലംഘിച്ച്

      നടന്‍  ദിലീപിനെ 'അമ്മ'-യില്‍ നിന്ന് പുറത്താക്കിയത് ബൈലോ ലംഘിച്ച്.  നിയമാനുസൃതമല്ലാത്ത അമ്മയുടെ നടപടി മുഖം രക്ഷിക്കാനോ ?.   ചാരിറ്റബിള്‍ സൊസൈറ്റിയായി  തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത അമ്മയുടെ ബൈലോ പ്രകാരം  ഒരംഗത്തെ പുറത്താക്കണമെങ്കില്‍,  അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടി വിഷയം  അച്ചടക്ക സമിതിക്ക് കൈമാറണം.   അംഗത്തിന്‍റെ വിശദീകരണവും തെളിവുകളും പരിശോധിച്ചത്തിനും ശേഷം അച്ചടക്ക സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വേണം എക്സിക്യുട്ടീവ് കമ്മിറ്റി കൂടി  അംഗത്വം റദ്ദാക്കുകയോ സസ്പെന്ഡ് ചെയ്യാനുള്ള തീരുമാനം എടുക്കേണ്ടത്. കൂടാതെ, കമ്മിറ്റി തീരുമാനം അംഗത്തെ അറിയിച്ച്, ഷോകേസ് നോട്ടീസ് നല്‍കി മറുപടിയും കേട്ടിട്ട് വേണം അന്തിമ തീരുമാനമെടുക്കാന്‍. സംഘടനയുടെ ബൈലോയിലെ ആര്‍ട്ടിക്കിള്‍ V-ല്‍ 17, 18  എന്നീ സെക്ഷനുകളിലാണ്  ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 


       മലയാളത്തിലെ മഹാനടന്മാര്‍ പങ്കെടുത്ത  11.07.2017-ലെ അമ്മയുടെ അടിയന്തിര എക്സിക്യുട്ടീവ് കമ്മിറ്റിയാണ്  ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തത്. മഹാനടന്മാര്‍ക്ക് അറിവില്ലാഞ്ഞിട്ടാണോ എന്നറിയില്ല, ഈ തീരുമാനം ബൈലോയ്ക്ക് എതിരാണ്.  

   

       ട്രെഷററായ' ദിലീപിന്‍റെ കൂടി ഒപ്പില്ലാതെ സാമ്പത്തിക ഇടപാടുകള്‍ അമ്മയ്ക്ക് ഇനി നടത്താനാവില്ല.  പകരം മറ്റൊരാളെ  ട്രെഷറായി  കണ്ടെത്തണമെങ്കില്‍ വീണ്ടും ജനറല്‍ ബോഡി കൂടണം. ആരെങ്കിലും ജില്ലാ രജിസ്ട്രാര്‍ക്ക്  പരാതി  നല്‍കിയാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ ദിലീപിനെ പുറത്താക്കിയ അമ്മയുടെ തീരുമാനം നിലനില്‍ക്കില്ല. അപ്പോള്‍ ദിലീപ് തന്നെ ട്രെഷററായി തുടരും. അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ദിലീപിനെ വീണ്ടും പുറത്താക്കുകയോ ദിലീപ് സ്വയം രാജി വെച്ച് ഒഴിയുകയോ ചെയ്യേണ്ടി വരും. 

അമ്മയുടെ ബൈലോയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
http://www.malayalamcinema.com/by-law.php

No comments:

Post a Comment