Wednesday, July 20, 2016

ഭവനനിര്‍മ്മാണ ധനസഹായം ലഭിക്കുന്നതിന് നടത്തിയ ഇടപെടല്‍

28 June 2014

മലമ്പുഴ (പാലക്കാട്) ഡാമിനക്കരെ കാടിനോട് ചേര്‍ന്ന് , അഞ്ച് സെന്റ്‌ സ്ഥലത്തെ ഓല മേഞ്ഞ കുടിലില്‍ താമസിക്കുന്ന നിരാലംബയായ വീട്ടമ്മ ഭവനനിര്‍മ്മാണ ധനസഹായം ലഭിക്കുന്നതിന് പഞ്ചായത്തില്‍ പല അപേക്ഷകളും നല്‍കി അനേക വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ നടപടിയൊന്നും എടുത്തിരുന്നില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ഈ വീട്ടമ്മ വിദ്യാര്‍ഥിയായ മകനോടൊപ്പമാണ് താമസം. ഇവിടെ പതിവായി ആന ശല്യവുമുണ്ടാകാറുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വലിയ പണികളൊന്നും ഇവര്‍ക്ക്‌ ചെയ്യാനാവുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം, മഴയത്ത്‌ ചോരുന്ന പുര മേയാന്‍ പോലും ഇവര്‍ക്ക്‌ സാധിക്കുന്നില്ല. ഇവര്‍ക്ക്‌ വീട് വെക്കുവാന്‍ അടിയന്തിരമായി ധനസഹായം നല്‍കുവാന്‍ മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട്‌ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. പക്ഷേ, കലക്ടറുടെ ഉത്തരവ് പാലിക്കാന്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്കിയിട്ടും ഫലം തഥൈവ. ഈ അവസരത്തിലാണ് വിഷയം എന്റെ ശ്രദ്ധയില്‍ പെടുന്നത്. ഈ കാലയളവില്‍ അര്‍ഹത ഇല്ലാത്ത പലര്‍ക്കും പഞ്ചായത്തില്‍ നിന്നും വീട് വെക്കുവാന്‍ ധനസഹായം നല്കിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന്, ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തേടിക്കൊണ്ട് ഞാന്‍ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ 12/05/14-ല്‍ നല്‍കിയ വിവരാവകാശ അപേക്ഷ ഫലം കണ്ടു. ടി വീട്ടമ്മയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രണ്ട് മാസങ്ങള്‍ക്കകം അവര്‍ക്ക്‌ ധനസഹായം നല്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ശ്രീ മുരളീധരന്‍ അവര്‍കള്‍ കഴിഞ്ഞ ദിവസം എന്നെ ഫോണില്‍ അറിയിച്ചു.അപേക്ഷയുടെ പകര്‍പ്പ് ചുവടെ:

FROM                                                                                      
MAHESH VIJAYAN
No.112, BEHIND GK STORE,
RJ GARDEN, MARATHAHALLI
BANGALORE – 560037
Mo: +91 97399 13950
e-mail: i.mahesh.vijayan@gmail.com

TO
INFORMATION OFFICER
MALAMPUZHA GRAMA PANCHAYATH
MALAMPUZHA P.O
PALAKKADU, KERALA-678651
PH: 0491-2815148

Sir,

വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ:

ശ്രീമതി കനകലത എന്ന വ്യക്തി ഭവനനിര്‍മ്മാണ ധനസഹായത്തിനായി മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്കി അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നുവരെ യാതൊരുവിധ ധനസഹായവും അവര്‍ക്ക്‌ അനുവദിച്ചിട്ടില്ല. ആയതിനാല്‍ താഴെ പറയുന്നവിവരങ്ങള്‍  വിവരാവകാശ നിയമപ്രകാരം നൽകി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
1. ശ്രീമതി കനകലത, പുത്തന്‍പുര, ചേമ്പന, മലമ്പുഴ എന്ന വ്യക്തി ഭവനനിര്‍മ്മാണ ധനസഹായത്തിനായി മലമ്പുഴ ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ/അപേക്ഷകള്‍ നല്കിയിട്ടുണ്ടോ?  ഉണ്ടെങ്കില്‍ അപേക്ഷ നല്കിയ തീയതി/തീയതികള്‍ ലഭ്യമാക്കുക. ടി എല്ലാ അപേക്ഷകളുടേയും പകര്‍പ്പുകള്‍ ലഭ്യമാക്കുക.

2. ശ്രീമതി കനകലതയുടെ അപേക്ഷയില്‍/അപേക്ഷകളില്‍ ഇന്നുവരെ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെ?

3.  ശ്രീമതി കനകലതയുടെ അപേക്ഷ(കള്‍) കൈകാര്യം ചെയ്ത ഫയലിന്റെ/ഫയലുകളുടെ മുഴുവന്‍ പേജുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌

4. ടി അപേക്ഷ(കള്‍) കൈകാര്യം ചെയ്ത ഫയല്‍/ഫയലുകള്‍ നേരില്‍ പരിശോധിക്കാന്‍ അനുവദിക്കേണ്ടതാണ്.

5. ശ്രീമതി കനകലതയ്ക്ക് അടിയന്തിരമായി ഭവനനിര്‍മ്മാണ ധനസഹായം നല്കുവാന്‍ നടപടി സ്വീകരിക്കണമെന്ന പാലക്കാട് ജില്ലാ കലക്ടറുടെ 31/08/2011-ലെ ഉത്തരവിന്റെ പകര്‍പ്പ്‌ ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു. ടി ഉത്തരവ് പഞ്ചായത്തില്‍ ലഭിച്ച തീയതി വ്യക്തമാക്കുക. ടി ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുക.

6. ശ്രീമതി കനകലതയുടെ അപേക്ഷ സ്വീകരിച്ച് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്ക്‌ ഇതുവരെ ധനസഹായം അനുവദിക്കാതിരുന്നതിന്റെ കാരണം വിശദമാക്കുക.
7. ബഹുമാനപ്പെട്ട കലക്ടര്‍ ഉത്തരവ് നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശ്രീമതി കനകലതയ്ക്ക് ഗ്രാമപഞ്ചായത്ത് ഭവനനിര്‍മ്മാണ ധനസഹായം നല്‍കാത്തതിന്റെ കാരണം വിശദമാക്കുക.

8. സമഗ്രഭവന നിര്‍മ്മാണപദ്ധതി (IAY, EMS) പ്രകാരം അര്‍ഹരായ അപേക്ഷകരെ കണ്ടെത്തുന്നതിനും ധനസഹായം വിതരണം ചെയ്യുന്നതിനുമുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കുക.

9. ധനസഹായത്തിനുള്ള അപേക്ഷകള്‍ ലഭിച്ചശേഷം ടി അപേക്ഷകളില്‍ തീരുമാനം എടുക്കുന്നത് ആരൊക്കെ ചേര്‍ന്നാണ്? ഏത് യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നത്?

9. ശ്രീമതി കനകലതയുടെ ആദ്യ അപേക്ഷ ലഭിച്ചശേഷം, IAY, EMS പദ്ധതികള്‍ പ്രകാരം ഇന്നേവരെ ഭവനനിര്‍മ്മാണ ധനസഹായം ലഭിച്ചവരെ സംബന്ധിച്ച താഴെ പറയുന്ന വിവരങ്ങള്‍ ലഭ്യമാക്കുക. (ശ്രീമതി കനകലതയുടെ അപേക്ഷ ലഭിച്ച തീയതി ലഭ്യമല്ലെങ്കില്‍ 01-01-2010-ന് ശേഷം  ധനസഹായം ലഭിച്ചവരെ സംബന്ധിച്ച വിവരങ്ങളാണ് ലഭ്യമാക്കേണ്ടത്):

         9.a) ധനസഹായം ലഭിച്ചവരുടെ പേര്, വിലാസം, അനുവദിച്ച തുക, അനുവദിച്ച തീയതി, പണം ആദ്യ ഗഡു നല്കിയ തീയതി, പണം അവസാന ഗഡു  നല്കിയ തീയതി, ആകെ നല്കിയ തുക.

        9.b) ധനസഹായം ലഭിച്ചവര്‍ അതിനായി നല്കിയ അപേക്ഷകളുടേയും ഹാജരാക്കിയ എല്ലാവിധ രേഖകളുടേയും പകര്‍പ്പുകള്‍ ലഭ്യമാക്കുക.

       9.c) ധനസഹായത്തിനുള്ള അപേക്ഷകള്‍ ലഭിച്ചശേഷം ടി അപേക്ഷകളില്‍ തീരുമാനം എടുക്കുന്നതിനായി  കൂടിയിട്ടുള്ള എല്ലാ യോഗങ്ങളുടേയും അജണ്ടയും മിനിട്സ്ന്റെ പകര്‍പ്പും ലഭ്യമാക്കുക. പകര്‍പ്പ്‌ എടുക്കേണ്ട പേജുകളുടെ  എണ്ണം 250-ല്‍  കൂടുതല്‍ ആണെങ്കില്‍ അവ CD-യില്‍ ആണ് ലഭ്യമാക്കേണ്ടത്.

10. ഭവനനിര്‍മ്മാണ ധനസഹായം നല്കുന്നതുമായി  ബന്ധപ്പെട്ട ഫയലുകള്‍, കുറിപ്പുകള്‍ , മിനിട്സ്, തുടങ്ങി  എല്ലാവിധ രേഖകളും നേരില്‍ പരിശോധിക്കുവാന്‍ അവസരം തരേണ്ടതാണ്.  ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  അല്ലെങ്കില്‍ രേഖകള്‍ CD-യില്‍ ലഭ്യമാക്കേണ്ടതാണ്. 

11. ഭവനനിര്‍മ്മാണ ധനസഹായം നല്കുന്നതുമായി  ബന്ധപ്പെട്ട ഇ-മെയില്‍, ,കമ്പ്യൂട്ടര്‍, തുടങ്ങി ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ വിവരങ്ങളും നേരില്‍ പരിശോധിക്കുവാനും ആവശ്യമായതിന്റെ പകര്‍പ്പ് CD-യിലോ  പ്രിന്റ്‌ ആയോ എടുക്കുന്നതിനുമുള്ള  അവസരം തരേണ്ടതാണ്

12. രേഖകള്‍ നേരില്‍ പരിശോധിക്കാന്‍ ഉള്ള തീയതിയും സമയവും ഏകപക്ഷീയമായി തീരുമാനിക്കുരുതെന്നും അപേക്ഷകന്റെ സൗകര്യം കൂടി കണക്കിലെടുത്ത് തീയതി തീരുമാനിക്കണമെന്നും അപേക്ഷിക്കുന്നു.

ശ്രീമതി കനകലത കലക്ടര്‍ക്ക് നല്കിയ പരാതിയുടെ പകര്‍പ്പ് കലക്ടര്‍ നല്കിയ ഉത്തരവിന്റെ പകര്‍പ്പ്‌ എന്നിവ ഈ അപേക്ഷയോടൊപ്പം ഹാജരാക്കുന്നു.
                                  
                                         വിശ്വസ്തതയോടെ


ബെംഗളൂരു                                                                              മഹേഷ് വിജയൻ
07-May-2014

No comments:

Post a Comment