Wednesday, July 20, 2016

കൊടുമുണ്ട - മനുഷ്യ്വാകാശ കമ്മീഷന്‍ കേസെടുത്തു.

25 June 2014

ഒന്നരവര്‍ഷം നീണ്ട, എന്റെ കൊടുമുണ്ട സ്കൂള്‍ സമരത്തിന്‌ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കൊടുമുണ്ട (പട്ടാമ്പി) ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഈ ദയനീയാവസ്ഥ ഒരു ജനകീയ പ്രശ്നമാക്കി മാറ്റുവാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം. അതിനെ തുടര്‍ന്ന്, തദ്ദേശവാസിയായ ശ്രീ ഇബ്രാഹിം കുട്ടി നല്കിയ പരാതിയെ തുടര്‍ന്ന്‍ മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ കേസെടുത്തിരിക്കുകയാണ്. ബഹു: വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദു റബ്ബ്, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഈ പ്രശ്നങ്ങള്‍ക്ക് ഇന്നേവരെ പരിഹാരം കണ്ടിരുന്നില്ല. പത്ര വാര്‍ത്തയെ തുടര്‍ന്ന് കമ്മീഷനുമായി ബന്ധപ്പെട്ടപ്പോള്‍, ഈ കേസില്‍ കക്ഷി ചേരുവാന്‍ എന്നോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്റെയും മാധ്യമങ്ങളുടേയും ഇടപെടല്‍, കൊടുമുണ്ട സ്കൂളിലെ കുട്ടികള്‍ക്ക്‌, ഇനിയെങ്കിലും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉള്ള നമ്മുടെ നാട്ടിലെ സ്കൂളുകളെ കുറിച്ച് അറിയാവുന്നവര്‍, ദയവു ചെയ്തു അക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.



പാലക്കാട് ജില്ലയിലെ മുതുതല പഞ്ചായത്തിലെ കൊടുമുണ്ട ഗവ ഹയര്‍ സെക്കന്ററിയിലെ ഈ ശോച്യാവസ്ഥ, അന്യം നിന്ന് പോകുന്ന നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളുടെ മേല്‍ തറയ്ക്കുന്ന അവസാനത്തെ ആണിയായി മാറുകയാണ്....അധികാരികള്‍ തിരിഞ്ഞ് നോക്കാത്ത ഒരു പരാതി..

"കൊടുമുണ്ട ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ Principal | HM-നു സമര്‍പ്പിക്കുന്ന ഹര്‍ജി.

Sir,
ഞങ്ങള്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ തന്നെ ഈ സ്കൂളില്‍ പഠിച്ചു വരുന്ന കുട്ടികളാണ്. സര്‍, ഞങ്ങളുടെ toilet-കള്‍ താങ്കള്‍ വന്നു നേരില്‍ കണ്ടാല്‍ നന്നായിരുന്നു. ഇത്ര ശോച്യാവസ്ഥ മറ്റൊരിടത്തും ഉണ്ടാകില്ല. വൃത്തിയില്ല, കൊളുത്തില്ല, വെള്ളം പലപ്പോഴും ഉണ്ടാകില്ല. മാത്രമല്ല, ക്ലോസറ്റ്‌ ഉള്ള കക്കൂസുകളില്‍ മലം ഉണങ്ങി വൃത്തികേടായി കിടക്കുന്നു. ആരും അതില്‍ പോകാറില്ല. പരുക്കനിട്ട, കൊളുത്തില്ലാത്ത വെള്ളവും ബക്കറ്റും ഇല്ലാത്ത മൂത്രപ്പുരയാണ് പലപ്പോഴും ഞങ്ങള്‍ക്ക് ആശ്രയം. ആണ്‍കുട്ടികളെല്ലാം പറമ്പുകളിലേക്ക് ഓടുന്നത് കാണാം. മാസമുറയുടെ സമയങ്ങളില്‍ വല്ലാത്ത വിഷമമാണ്. പാഡുകള്‍ മാറ്റാന്‍ വെള്ളം ഉണ്ടാകാറില്ല. മാറ്റിയാല്‍ തന്നെ അതിടാന്‍ പറ്റിയ സ്ഥലവുമില്ല. അതിനാല്‍, പൊതിഞ്ഞു കെട്ടി കൊണ്ടു പോവുകയാണ്‌ പതിവ്. കുന്നിന്‍ പുറത്തെ school ആയതിനാല്‍ ഇവിടെ കിണറോ കുഴല്‍കിണറോ ഒന്നും തന്നെയില്ല. താഴെ നിന്നും വരുന്ന പൈപ്പുവെള്ളമാണ് ഏക ആശ്രയം. മോട്ടോറടിച്ചു കൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് വെള്ളം വരുന്നത്. മോട്ടോര്‍ നിര്‍ത്തിയാല്‍ പിന്നെ വെള്ളം കിട്ടാറില്ല. വെള്ളം പിടിച്ച് വെക്കാന്‍ യാതൊരു സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ ടോയ്ലെറ്റില്‍ ഒരെണ്ണമാണ് ടീച്ചേഴ്സ് ഉപയോഗിക്കുന്നത്. ഇതില്‍ വെള്ളം നിറയ്ക്കാന്‍ പാത്രമുണ്ട്. അതും പലപ്പോഴും വൃത്തികേടായി കിടക്കുന്നു. ചിലപ്പോള്‍ ഞങ്ങള്‍ അതില്‍ പോകാറുണ്ട്. ഇപ്പോള്‍ അതു പൂട്ടിയിടും. ഈ ശോച്യാവസ്തയെപ്പറ്റി ഞങ്ങള്‍ പല പ്രാവശ്യം പ്രിന്‍സിപ്പാളിനോടും HM-നോടും ടീച്ചേഴ്സിനോടും പരാതിപ്പെട്ടിരുന്നു. ഹെല്‍ത്ത്‌ ടീച്ചര്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ട അധികാരിക്ക് ആവശ്യങ്ങള്‍ എഴുതി അറിയിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. മാസങ്ങള്‍ കുറെ ആയിട്ടും ഇതിന് യാതൊരു പരിഹാരവും ഉണ്ടായില്ല. അതിനാല്‍ സര്‍ ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. എന്ന് വിനയപൂര്‍വ്വം കുട്ടികള്‍, GHSS കൊടുമുണ്ട (30/1/2013) "

No comments:

Post a Comment