Wednesday, July 20, 2016

DPI - അടിസ്ഥാന സൗകര്യങ്ങള്‍ അപ്പീല്‍ അപേക്ഷ

1. ഒന്നാം അപ്പീല്‍
2. ഒന്നാം അപ്പീലില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്  സംബന്ധിച്ച് അയച്ച കത്ത്

ഒന്നാം അപ്പീല്‍
To
     Engineering Liaison Officer,
     General Education (O/O DPI)
     Jagathi P.O, Trivandrum - 695 014
    
Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപ്പീല്‍.  കേരളത്തിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട്  DPI-ക്ക്  സമര്‍പ്പിച്ച  വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയെ  സംബന്ധിച്ച് സമര്‍പ്പിക്കുന്ന ഒന്നാം അപ്പീല്‍ അപേക്ഷ.

      എതിര്‍ കക്ഷി:
               1.  State Public Information Officer,
                    'W' Section, DPI, Trivandrum
              
         ഞാന്‍ ഒരു സഞ്ചാരിയും ഫോട്ടോഗ്രാഫറും സാമൂഹ്യപ്രവര്‍ത്തകനും ആണ്.  എട്ട് വര്‍ഷമായി ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. കേരളത്തിലെ വിവിധ  സ്കൂളുകളിലെ  അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകള്‍  മെച്ചപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങളില്‍  ഒന്നര വര്‍ഷമായി ഏര്‍പെട്ടു കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി  18/07/2014 തീയതി രേഖപ്പെടുത്തി DPI-ക്ക് അയച്ച വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട  99.9 ശതമാനം വിവരങ്ങളും പൊതുഅധികാരി നിഷേധിച്ചു. പൊതുഅധികാരിയുടെ തെറ്റായ ഈ നടപടിയാണ് ഈ അപ്പീലിന് ആധാരം. 

       കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലേയും ടോയ്ലെറ്റ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. അപേക്ഷയില്‍ 37 പ്രധാന ചോദ്യങ്ങളും അവയുടെ നിരവധി ഉപചോദ്യങ്ങളും  ഉണ്ടായിരുന്നു. എന്നാല്‍ അപേക്ഷ ലഭിച്ച്, ഇരുപത്തഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വിവരം ലഭ്യമല്ല എന്ന് പറഞ്ഞ് പൊതുഅധികാരി വിവരം നിഷേധിക്കുകയാണുണ്ടായത്. ഇതേ അപേക്ഷ ഞാന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലും നല്കിയിരുന്നു. ടി വിവരാവകാശ ഓഫീസര്‍മാര്‍ എന്റെ അപേക്ഷ അതാത് സ്കൂളുകളിലേക്ക് അയക്കുകയും യഥാസമയം വിവരം ലഭ്യമാക്കുകയും ചെയ്തു. എന്നാലിവിടെ വിവരം ലഭ്യമാക്കാന്‍ യാതൊരുവിധ ശ്രമങ്ങളും ഉണ്ടായില്ല.

       എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ടി ഓഫീസില്‍  നിന്നും ലഭിച്ച നിരുത്തരവാദിത്വപരമായ മറുപടി എന്നെ അതിശയിപ്പിച്ചു. തുടര്‍ന്ന് ടി ഓഫീസിലെ 0471-2580583 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് , ലഭിച്ച മറുപടിയുടെ കാര്യം പറഞ്ഞപ്പോള്‍,  ഫോണ്‍ എടുത്ത, പേരുവെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥന്‍ വളരെ മോശമായിട്ടാണ് എന്നോട് സംസാരിച്ചത്.  ടി സംസാരത്തിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്തത് ആവശ്യമെങ്കില്‍, തെളിവിലേക്കായി ഹാജരാക്കുന്നതാണ്. ഇതില്‍ നിന്നെല്ലാം എനിക്ക് മനസ്സിലായ വസ്തുത പൊതുഅധികാരി മനപ്പൂര്‍വ്വം വിവരം നിഷേധിക്കുകയായിരുന്നു എന്നാണു.

      ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയുടെ പകര്‍പ്പും    ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നു. ഈ പരാതി പരിഗണിച്ച്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന എല്ലാ നടപടികകളും എടുക്കണമെന്നും ഇത്തരം പ്രവൃത്തികള്‍ മേലില്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും എത്രയും പെട്ടന്ന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്  പൊതുഅധികാരിക്ക്‌ നിര്‍ദ്ദേശം നല്കണമെന്നും ദയവായി അപേക്ഷിക്കുന്നു.
                                                    
                                     വിശ്വസ്തതയോടെ

Bangalore
04-09-2014                                                       മഹേഷ് വിജയന്‍


2. ഒന്നാം അപ്പീലില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്  സംബന്ധിച്ച് അയച്ച കത്ത്   
To
       Engineering Liaison Officer,
         General Education (O/O DPI)
         Jagathi P.O, Trivandrum - 695 014

മാഡം,

വിഷയം:  വിവരാവകാശ അപ്പീല്‍ അപേക്ഷയിന്മേല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്

സൂചന: സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് 04-09-2014 തീയതി രേക്ഷപ്പെടുത്തി അയച്ച അപ്പീല്‍ അപേക്ഷ
   
            എന്റെ അപ്പീലിന്മേല്‍ തീരുമാനമെടുക്കുന്നതിലേക്കായി താങ്കളുടെ ഓഫീസില്‍ നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടയച്ച കത്ത് കിട്ടിയിരുന്നു. ജോലിത്തിരക്ക് മൂലവും ബാംഗ്ലൂര് നിന്നും വരേണ്ടിയിരുന്നതിനാലും നേരിട്ട് ഹാജരാകുവാന്‍ സാധിച്ചില്ല. വിവരം നിഷേധിച്ചത് സംബന്ധിച്ച എല്ലാക്കാര്യങ്ങളും അപ്പീല്‍ അപേക്ഷയില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.  നേരിട്ട് വരാന്‍ സാധിക്കാത്തതിനാല്‍ Oct 23 വൈകുന്നേരം  ഔദ്യോഗിക ടെലിഫോണില്‍ വിളിച്ചും താങ്കളെ എന്റെ ഭാഗം പറഞ്ഞ് മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. 37 പ്രധാന ചോദ്യങ്ങളും ഉപചോദ്യങ്ങളും ഉള്ള എന്റെ അപേക്ഷയില്‍ ഒന്നിന് പോലും എനിക്ക് മറുപടി നല്‍കിയിട്ടില്ല എന്ന കാര്യം വളരെ വ്യക്തമാണ്.
    വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണോ പൊതുഅധികാരി എന്റെ അപേക്ഷ നിരസിച്ചിട്ടുള്ളത്  എന്നാണ് ഇവിടെ അപ്പീല്‍ അധികാരി പ്രധാനമായും പരിശോധിക്കേണ്ടത്. അപേക്ഷയിലാവശ്യപ്പെട്ട വിവരങ്ങള്‍ ടി വിവരാവകാശ ഓഫീസറുടെ കൈവശമില്ലാത്ത പക്ഷം ആര്‍ക്കാണോ ടി വിവരം ലഭ്യമാക്കാനാവുക, ആ ഓഫീസര്‍ക്ക് അപേക്ഷ കൈമാറുകയോ നിര്‍ദേശം നല്‍കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.  ഇവിടെ, സംസ്ഥാനത്തെ വിവിധ DDE/DEO-മാര്‍ക്ക് എന്റെ അപേക്ഷ ഫോര്‍വേഡ് ചെയ്ത് യഥാസമയം വിവരം ലഭ്യമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.  വിവരം ലഭ്യമല്ലെങ്കില്‍ അഞ്ചു ദിവസത്തിനകം അപേക്ഷ നിരസിക്കണം; ഇത് രണ്ടും ഉണ്ടായില്ല.
              വിവരം ശേഖരിച്ച് തരണം എന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടു എന്ന കാരണം പറഞ്ഞ് എന്റെ അപേക്ഷ നിരസിക്കാനാവില്ല. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനാണ് വിവരം ശേഖരിച്ചു തരണമെന്ന്  അഭ്യര്‍ഥിച്ചത്. അല്ലാതെ, എല്ലാ സ്കൂളുകളില്‍ നിന്നും വിവരം ശേഖരിച്ചു ഒന്നായി മാത്രമേ ലഭ്യമാക്കാവൂ എന്ന് അപേക്ഷയില്‍ ഒരിടത്തും നിഷ്കര്‍ഷിച്ചിട്ടില്ല. ഇതേ അപേക്ഷ ഹയര്‍ സെക്കണ്ടറി വകപ്പില്‍ നല്‍കിയതിനെ തുടര്‍ന്ന്‍ അവര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് എനിക്ക് അയച്ച കത്തിന്റെ സോഫ്റ്റ് കോപ്പിയും ഈ മെയിലിനോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

      ഇതോടൊപ്പം നല്‍കിയ അപേക്ഷയികളില്‍, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും എനിക്ക് യഥാസമയം മറുപടി ലഭിച്ചു കഴിഞ്ഞു. എന്നാല്‍ അവ്യക്തവും അപൂര്‍ണ്ണവും അലസവുമായ മറുപടിയാണ്  എനിക്ക് DPI-യില്‍ നിന്ന് ലഭിച്ചത്. ആയതിനാല്‍ എന്റെ വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും എത്രയും പെട്ടന്ന് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നിയമം അനുശാസിക്കുന്ന മേല്‍നടപടികള്‍ കൈക്കൊള്ളണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

                വിശ്വസ്തതയോടെ

                            മഹേഷ്‌ വിജയന്‍

Bangalore
24-Oct-14

No comments:

Post a Comment