Tuesday, July 26, 2016

ഗ്രാമ / വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ടവ

      കേരളത്തിലെ ഭൂരിഭാഗം ഗ്രാമ/വാര്‍ഡ്‌ സഭകളും  ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്  ഇത് സംബന്ധിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം നഗരസഭയില്‍ വിവരാവകാശ അപേക്ഷ നല്കിയത്. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  കൂടാതെ,   വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരവും ഗ്രാമ/വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതാണെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ടി വിവരങ്ങള്‍ എല്ലാ തദ്ദേശ സ്വയം  ഭരണ സ്ഥാപനങ്ങളും സ്വമേധയാ പരസ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഞാന്‍ ആരഭിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ ഞാന്‍ താമസിക്കുന്ന  വാര്‍ഡിലെ വാര്‍ഡ്‌സഭയില്‍ പോലും ക്വാറം തികയാതെയാണ് യോഗം നടന്നത്. ടി യോഗം റദ്ദാക്കണം എന്നാവശ്യപ്പെട്ട്  മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ അറിയുവാന്‍ വിവരാവകാശ അപേക്ഷയും നല്‍കിയിട്ടുണ്ട്.

03-03-2016-ല്‍ നല്‍കിയ വിവരാവകാശ അപേക്ഷ
To
    State Public Information Officer
    Kottayam Municipality

Sir,
         വിഷയം: വാര്‍ഡ്‌ സഭകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

      കോട്ടയം  നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും 2015 ഡിസംബര്‍ ഒന്നിന്  ശേഷം നടന്നിട്ടുള്ള എല്ലാ വാര്‍ഡ്‌ സഭ യോഗങ്ങളുമായും ബന്ധപ്പെട്ട താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1. വാര്‍ഡ്‌ നമ്പര്‍
2. കൌണ്‍സിലറുടെ പേര്
3. വാര്‍ഡ്‌ സഭ നടന്ന തീയതി, യോഗം ആരംഭിച്ച സമയം, അവസാനിച്ച സമയം
4. വാര്‍ഡ്‌ സഭ യോഗം നടന്ന സ്ഥലം, യോഗം നടന്ന ഹാളിന്റെ വിസ്തീര്‍ണ്ണം.
5. യോഗാദ്ധ്യക്ഷന്റെ പേര്, സ്ഥാനപ്പേര്
6. ടി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം, വാര്‍ഡ്‌ സഭയില്‍ ക്വാറം തികയുന്നതിന് വേണ്ട അംഗങ്ങളുടെ എണ്ണം
7. ടി  വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം. 
8. ടി വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ പേര് വിവരം അടങ്ങിയ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്.
9. ടി വാര്‍ഡ്‌ സഭയുടെ അജണ്ടയുടെ പകര്‍പ്പ്
10. ടി  വാര്‍ഡ്‌ സഭയുടെ മിനുട്സ്, തീരുമാനങ്ങള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
11. ടി വാര്‍ഡ്‌ സഭയുടെ യോഗ അറിയിപ്പ് നോട്ടീസ് (നോട്ടീസിന്റെ യഥാര്‍ത്ഥ വില ഈടാക്കി).
12. ടി വാര്‍ഡ്‌ സഭ യോഗം സംബന്ധിച്ച  അറിയിപ്പ് നോട്ടീസ് അംഗങ്ങളുടെ വീടുകളില്‍ നല്‍കി,  അറിയിപ്പ് ലഭിച്ചതായി അംഗങ്ങളില്‍ നിന്നും രേഖാമൂലം ഒപ്പിട്ട് വാങ്ങിയിട്ടുണ്ടോ എന്ന വിവരം
    a. ഉണ്ടെങ്കില്‍ ഇപ്രകാരം എത്ര വീടുകളില്‍ അറിയിച്ചു എന്ന വിവരം
13. യോഗം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ പകര്‍പ്പ്, വാര്‍ത്ത വന്ന പത്രത്തിന്റെ പേര്, തീയതി.
14. ടി വാര്‍ഡ്‌ സഭ യോഗ വിവരം പൊതുജനങ്ങളെ അറിയിക്കുവാന്‍ സ്വീകരിച്ച നടപടികള്‍. ഇതിന് ചിലവായ തുകയുടെ വിശദാംശങ്ങള്‍.
15. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ ഏതെല്ലാമെന്ന വിവരം
16. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ (അവയുടെ യഥാര്‍ത്ഥ വില ഈടാക്കി)
17. ടി വാര്‍ഡ്‌ സഭ യോഗത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടോ എന്ന വിവരം.
18. ടി വാര്‍ഡ്‌ സഭ യോഗത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടോ എന്ന വിവരം.
19. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ മൈക്ക് ഉപയോഗിച്ചിരുന്നോ എന്ന വിവരം.
20. ടി വാര്‍ഡ്‌ സഭയില്‍ രേഖാമൂലം ലഭിച്ച ചോദ്യങ്ങളുടെ പകര്‍പ്പും അവയ്ക്ക് നല്‍കിയ മറുപടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
21. ടി വാര്‍ഡ്‌ സഭയില്‍ ലഭിച്ച നിവേദനങ്ങളുടെ/പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
22. ടി വാര്‍ഡ്‌ സഭ നടത്തുന്നതിനായി ആകെ ചിലവായ തുക. ടി തുക  ഏതിനത്തില്‍ ചിലവാക്കി എന്ന വിവരം
23. ക്വാറം തികയാതിരുന്നതിനാല്‍ യോഗം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ മാറ്റി വെച്ച തീയതി.
24. ടി  വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട രേഖകള്‍ -പങ്കെടുത്തവരുടെ വിവരം, ചര്‍ച്ചാ കുറിപ്പുകള്‍, മിനുട്സ്, തീരുമാനങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍, ഫോട്ടോഗ്രാഫ്, വീഡിയോ തുടങ്ങിയവ- കോര്‍ഡിനേറ്റര്‍ സെക്രട്ടറിയെ ഏല്‍പ്പിച്ച തീയതി.
25. എല്ലാ വാര്‍ഡ്‌ സഭകളിലും  എടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടേയും പകര്‍പ്പ് CD-യില്‍ ലഭ്യമാക്കുക.
26.  ഒന്നാം അപ്പീല്‍ അധികാരിയുടെ പേര്, വിലാസം, ഒഫിഷ്യല്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം                                                                                                                                                                                        
       
                            വിശ്വസ്തതയോടെ
കോട്ടയം                                           03-03-2016                                                                                         മഹേഷ്‌ വിജയന്‍

ലഭിച്ച മറുപടി:


12-04-2016-ലെ ഒന്നാം അപ്പീല്‍
To
    First Appellate Authority (RTI)
    Kottayam Municipality
    Kottayam - 686001

Sir,
       വിഷയം:  വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേല്‍ സമര്‍പ്പിക്കുന്ന ഒന്നാം അപ്പീല്‍ അപേക്ഷ.

അനുബന്ധ തീയതികള്‍
അപേക്ഷ സമര്‍പ്പിച്ച തീയതി:   03-03-2016
നിയമപ്രകാരം മറുപടി ലഭിക്കേണ്ടിയിരുന്ന അവസാന തീയതി: 01-04-2016
PIO മറുപടി നല്കിയ തീയതി:   02-04-2016
മറുപടി അപേക്ഷകന് ലഭിച്ച തീയതി: 04-04-2016

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിശദാംശങ്ങള്‍
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്‍ഡ്‌ പി.എ ടു സെക്രട്ടറി, കോട്ടയം നഗരസഭ
     
ആവശ്യപ്പെട്ട വിവരം
        കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട വിവരം. ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയും കൈപ്പറ്റ്‌ രസീതിന്റെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

അപ്പീലില്‍ ബോധിപ്പിക്കുന്ന ആക്ഷേപങ്ങള്‍
    1.  അപേക്ഷ നല്‍കിയ ദിവസം മുതല്‍ മുപ്പത് ദിവസം കണക്ക് കൂട്ടുമ്പോള്‍ നിയമപ്രകാരം മറുപടി ലഭിക്കേണ്ട അവസാന തീയതി  01-04-2016 ആണ്. എന്നാല്‍ പി.ഐ.ഒ മറുപടി തയ്യാറാക്കിയിരിക്കുന്നത് പോലും 02-04-2016 തീയതിയിലാണ്. ടി മറുപടിയില്‍ ഞാന്‍ അപേക്ഷ നല്‍കിയ തീയതി 04-03 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം സമര്‍പ്പിക്കുന്ന കൈപ്പറ്റ്‌ രസീതിലെ തീയതി ശ്രദ്ധിക്കുക.
    2. അപൂര്‍ണ്ണവും അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയിലൂടെ ആവശ്യപ്പെട്ട വിവരം നിഷേധിച്ചിരിക്കുന്നു. പകരം അപേക്ഷകനോട് നേരിട്ട് വന്ന് രേഖകള്‍ പരിശോധിക്കാന്‍ ആണ് പി.ഐ.ഒ ആവശ്യപ്പെട്ടിരിക്കുന്നത്. ടി മറുപടി പൂര്‍ണമായും  2007-dec-3-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ-യുടെ ലംഘനമാണ്. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ക്ഷണിച്ച് വരുത്തുന്നത് സംബന്ധിച്ച ടി ഉത്തരവിലെ പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പി.ഐ.ഒ പാലിച്ചിട്ടില്ല. ടി ഉത്തരവ് അനുസരിച്ച്, അപേക്ഷകരെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാനോ അങ്ങനെ ഹാജരായില്ല എന്ന കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനോ ഉള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.
    അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ വിവരം നല്കേണ്ടതാണ്.
    3. ചില രേഖകള്‍ പേജൊന്നിന് രണ്ട് രൂപാ നിരക്കില്‍ അടച്ച് കൈപ്പറ്റാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്‌. എത്ര പേജ് ഉണ്ടെന്നോ എത്ര  രൂപ അടയ്ക്കണമെന്നോ അങ്ങനെ അടയ്ക്കണമെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.
   
അപ്പീലിന്മേല്‍ സ്വീകരിക്കേണ്ട മേല്‍നടപടികള്‍
1. നിയമപ്രകാരമുള്ള നിശ്ചിത കാലയളവില്‍ വിവരം നല്‍കാതിരുന്നതിനാല്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സൌജന്യമായി അപേക്ഷകന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ഇത്മൂലം പൊതുഅധികാര സ്ഥാപനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അതിന് ഉത്തരവാദികളായ ഓഫീസര്‍മാരില്‍ നിന്നും ഈടാക്കുക.
[ 2006-oct-30-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 77000/സി.ഡി.എന്‍.5/06/പൊ.ഭ.വ  കാണുക]

2. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  എന്നാല്‍ കോട്ടയം നഗരസഭയില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.  വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരവും ടി ചട്ടങ്ങള്‍ പ്രകാരവും വാര്‍ഡ്‌സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

3. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന മേല്‍നടപടികളും ഇത്തരം പ്രവൃത്തികള്‍ PIO-യുടെ ഭാഗത്ത് നിന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

4. ഈ അപ്പീലുമായി ബന്ധപ്പെട്ട എല്ലാവിധ കത്തിടപാടുകളും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ നടത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
                                                               വിശ്വസ്തതയോടെ
                               
                                                         
കോട്ടയം                            മഹേഷ്‌ വിജയന്‍
12-04-2016                                         

ഒന്നാം അപ്പീലിലെ തീരുമാനം

സംസ്ഥാന വിവരാവകാശ കമ്മീഷന്  നല്‍കിയ രണ്ടാം അപ്പീല്‍.To
    Shri. Vinson M Paul
    State Information Commission
    T.C. 26/298, Punnen Road
     Thiruvananthapuram - 695 001
Sir,
             വിഷയം: വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേല്‍ സമര്‍പ്പിക്കുന്ന രണ്ടാം അപ്പീല്‍ അപേക്ഷ.

    വാര്‍ഡ്‌/ഗ്രാമ സഭ യോഗ തീരുമാനങ്ങള്‍ സ്വമേധയാ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ചതും കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും വികസനത്തേയും ബാധിക്കുന്ന ഒരു വിഷയം ആയതിനാലും ബഹുമാനപ്പെട്ട മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോള്‍ സാര്‍ ഈ അപ്പീല്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഒന്നാം എതിര്‍കക്ഷി
    പി.ഐ.ഒ & സൂപ്രണ്ട്
    ജനറല്‍ വിഭാഗം
    കോട്ടയം നഗരസഭ - 686001

രണ്ടാം എതിര്‍കക്ഷി
    അപ്പീല്‍ അധികാരി & പി.എ ടു സെക്രട്ടറി
    കോട്ടയം നഗരസഭ - 686001

അനുബന്ധ തീയതികള്‍
അപേക്ഷ സമര്‍പ്പിച്ച തീയതി:   03-03-2016
നിയമപ്രകാരം വിവരം ലഭിക്കേണ്ടിയിരുന്ന അവസാന തീയതി: 01-04-2016
ഫീസ്‌ അടയ്ക്കാനാവശ്യപ്പെട്ട് PIO മറുപടി നല്കിയ തീയതി:   02-04-2016
മറുപടി അപേക്ഷകന് ലഭിച്ച തീയതി: 04-04-2016
ഒന്നാം അപ്പീല്‍ നല്‍കിയ തീയതി: 13-04-2016       
അപ്പീല്‍ അധികാരിയുടെ തീരുമാനം ലഭിച്ച തീയതി: 06-05-2016

ആവശ്യപ്പെട്ട വിവരം
കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട വിവരം. ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷ, ഒന്നാം അപ്പീല്‍, ലഭിച്ച മറുപടികള്‍, കൈപ്പറ്റ്‌ രസീത് എന്നിവയുടെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

രണ്ടാം അപ്പീലില്‍ ബോധിപ്പിക്കുന്ന ആക്ഷേപങ്ങള്‍
1.  അപേക്ഷ നല്‍കിയ ദിവസം മുതല്‍ മുപ്പത് ദിവസം കണക്ക് കൂട്ടുമ്പോള്‍ നിയമപ്രകാരം വിവരം ലഭിക്കേണ്ട അവസാന തീയതി  01-04-2016 ആണ്. എന്നാല്‍ ഫീസ്‌ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.ഐ.ഒ മറുപടി തയ്യാറാക്കിയിരിക്കുന്നത് നിശ്ചിത സമയത്തിന് ഒരു ദിവസം കഴിഞ്ഞ് 02-04-2016 തീയതിയിലാണ്. ടി മറുപടിയില്‍ ഞാന്‍ അപേക്ഷ നല്‍കിയ തീയതി 04-03 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം സമര്‍പ്പിക്കുന്ന കൈപ്പറ്റ്‌ രസീതിലെ തീയതി 03-03-2016 എന്നാണ്.  അഥവാ 04-03-16-ലാണ് അപേക്ഷ ടി ഉദ്യോഗസ്ഥന് ലഭിച്ചിരിക്കുന്നത് എന്ന് കണക്കാക്കിയാല്‍ തന്നെ മറുപടി തരേണ്ട അവസാന ദിവസമാണ് ഫീസ്‌ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് കാണാം. അപ്പോഴും അപേക്ഷ നല്കി 30 ദിവസം പൂര്‍ത്തിയാകുന്നു.
   
2. അപൂര്‍ണ്ണവും അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയിലൂടെ ആവശ്യപ്പെട്ട വിവരം നിഷേധിച്ചിരിക്കുന്നു. പകരം അപേക്ഷകനോട് നേരിട്ട് വന്ന് രേഖകള്‍ പരിശോധിക്കാന്‍ ആണ് പി.ഐ.ഒ ആവശ്യപ്പെട്ടിരിക്കുന്നത്. ടി മറുപടി പൂര്‍ണമായും  2007-dec-3-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ-യുടെ ലംഘനമാണ്. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ക്ഷണിച്ച് വരുത്തുന്നത് സംബന്ധിച്ച ടി ഉത്തരവിലെ പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പി.ഐ.ഒ പാലിച്ചിട്ടില്ല. ടി ഉത്തരവ് അനുസരിച്ച്, അപേക്ഷകരെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാനോ അങ്ങനെ ഹാജരായില്ല എന്ന കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനോ ഉള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.
    അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ വിവരം നല്കേണ്ടതാണ്.
3. ചില രേഖകള്‍ പേജൊന്നിന് രണ്ട് രൂപാ നിരക്കില്‍ അടച്ച് കൈപ്പറ്റാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്‌. എത്ര പേജ് ഉണ്ടെന്നോ എത്ര  രൂപ അടയ്ക്കണമെന്നോ അങ്ങനെ അടയ്ക്കണമെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.

4. മേല്‍ കാരണങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഒന്നാം അപ്പീലില്‍ രണ്ടാം എതിര്‍കക്ഷി തെറ്റായ തീരുമാനമാണ് എടുത്തത്.  നഗരസഭയുടെ കോട്ടയം ഓഫീസിലെ ഫ്രെണ്ട് ഓഫീസില്‍ 03-03-2016-ല്‍ നേരിട്ട് നല്കിയ അപേക്ഷയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ 04-03-16 എന്ന് സീല്‍ ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ ടി അപേക്ഷ 08-03-16-ലാണ് അസിസ്റ്റന്റ് വിവരാവകാശ ഓഫീസര്‍ ഒന്നാം എതിര്‍കക്ഷിക്ക് കൈമാറിയതെന്നും അപേക്ഷ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ 35 ദിവസം വരെ എടുക്കാം എന്നുമായിരുന്നു അപ്പീല്‍ അധികാരിയുടെ കണ്ടുപിടുത്തം. മറ്റൊരു പൊതുഅധികാരിയ്ക്ക് അപേക്ഷ കൈമാറുമ്പോള്‍ മാത്രമാണ് ഇപ്രകാരം 5 ദിവസം അധികം എടുക്കാന്‍ സാധിക്കുന്നത്.  എന്ന് മാത്രവുമല്ല, 6(3) പ്രകാരം അപേക്ഷ കൈമാറിക്കൊണ്ടുള്ള യാതൊരുവിധ അറിയിപ്പും അപേക്ഷന് ലഭിച്ചിട്ടുമില്ല.

    ഒന്നിലധികം എസ്.പി.ഐ.ഒ-മാര്‍ ഉള്ള എല്ലാ പൊതുഅധികാരകേന്ദ്രങ്ങളും അപേക്ഷകളും അപ്പീലുകളും കൈകാര്യം ചെയ്യുന്നതിനായി ഒരു കേന്ദ്രസ്ഥാനം സൃഷ്ടിക്കണമെന്നും അപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍/അപ്പീലുകള്‍ അന്ന് തന്നെ വിതരണം ചെയ്തിട്ടുണ്ടെന്നുള്ളത് ഉറപ്പ് വരുത്തണമെന്നും 2008 ജൂലൈ 16-ലെ പൊതുഭരണ (ഏകോപന) വകുപ്പ് നം 100401/സി.ഡി.എന്‍ 5/7/ജി.എ.ഡി എന്ന ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഒന്നാം എതിര്‍കക്ഷിയെ സംരക്ഷിക്കുന്നതിനായി രണ്ടാം എതിര്‍കക്ഷി വസ്തുതകള്‍ വളച്ചൊടിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന കാരണങ്ങള്‍ നിരത്തി ഒന്നാം അപ്പീലില്‍ തീരുമാനമെടുക്കുകയാണ്  ചെയ്തിരിക്കുന്നത്.

5. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  എന്നാല്‍ ഭൂരിഭാഗം നഗരസഭകളും ഈ ഉത്തരവ് പാലിക്കുന്നില്ല.  ഇപ്രകാരം പരസ്യപ്പെടുത്താത്തത് കൊണ്ടാണ് ഇതിനായി അപേക്ഷകര്‍ക്ക് പണം ചിലവഴിക്കേണ്ടി വരുന്നത്.

രണ്ടാം അപ്പീലിന്മേല്‍ സ്വീകരിക്കേണ്ട മേല്‍നടപടികള്‍
1. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരം വാര്‍ഡ്‌ / ഗ്രാമ സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
2. നിയമപ്രകാരമുള്ള നിശ്ചിത കാലയളവില്‍ വിവരം നല്‍കാതിരുന്നതിനാല്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സൌജന്യമായി അപേക്ഷകന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ടി തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുക.
3. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ  സെക്ഷന്‍ 20(1) അനുസരിച്ചുള്ള പിഴയും 20(2) പ്രകാരം സര്‍വീസ് ചട്ടങ്ങളനുസരിച്ചുള്ള ശിക്ഷണ നടപടികള്‍ക്കായി ശിപാര്‍ശ ചെയ്യണമെന്നും അപേക്ഷിക്കുന്നു. നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ 3-3-16-ല്‍ സമര്‍പ്പിച്ച അപേക്ഷ അതേ കെട്ടിടത്തില്‍ തന്നെയുള്ള ഒന്നാം എതിര്‍കക്ഷിയുടെ കൈവശം 6 ദിവസം വൈകി 8-3-16-ലാണ്  ലഭിച്ചതെന്ന് അപ്പീല്‍ അധികാരി പറയുന്നു. ഇപ്രകാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനേയും ശിക്ഷിക്കേണ്ടതാണ്.
4 ഒന്നാം അപ്പീലില്‍ വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിച്ച് തെറ്റായ തീരുമാനമെടുത്ത അപ്പീല്‍ അധികാരിയ്ക്കെതിരെയും വകുപ്പ് തല അച്ചടക്ക നടപടികള്‍ സ്വീകരിക്കുക.

    ഈ അപ്പീലുമായി ബന്ധപ്പെട്ട എല്ലാവിധ കത്തിടപാടുകളും കഴിവതും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ നടത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
                                                               വിശ്വസ്തതയോടെ
                                                                                         
കോട്ടയം
23-07-2016                                                                                    Mahesh Vijayan   
   
Appendix - ഹാജരാക്കുന്ന രേഖകളുടെ ഇന്‍ഡക്സ്‌1. വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് (ഫീസ്‌ അടച്ചത് കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് മുഖേന)
2. ലഭിച്ച മറുപടിയുടെ പകര്‍പ്പ്
3. ഒന്നാം അപ്പീലിന്റെ പകര്‍പ്പ്
4. ഒന്നാം അപ്പീലിലെ തീരുമാനത്തിന്‍റെ പകര്‍പ്പ്.

No comments:

Post a Comment