Wednesday, July 20, 2016

ലോക ടോയ്‌ലെറ്റ് ദിനം - ഒരമ്മയുടെ പരാതി.

19 November 2014

ഇന്ന് നവംബര്‍ 19, ലോക ടോയ്‌ലെറ്റ് ദിനം. നമ്മുടെ സ്കൂളുകളുടെ ദുരവസ്ഥ മനസ്സിലാക്കുവാന്‍ ഈ പരാതി ഒന്ന് വായിച്ചു നോക്കൂ... രണ്ടു വര്ഷം മുന്‍പ് അധികാരികള്‍ക്ക് ലഭിച്ച ഈ പരാതി വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ ദിവസമാണ് എനിക്ക് ലഭിച്ചത്. ഇപ്പോഴത്തെ ഈ സ്കൂളിന്റെ അവസ്ഥ എന്തെന്ന് അറിയില്ല. ഒരുപക്ഷേ, മെച്ചപ്പെട്ടിട്ടുണ്ടാകാം. നമ്മുടെ നാട്ടില്‍ നിരവധി സ്കൂളുകള്‍ ഇന്നും ഇതേ അവസ്ഥയില്‍ തുടരുന്നു എന്നതാണ് ഏറ്റവും ദയനീയം. 

"ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങര ഹൈസ്കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ അമ്മയാണ് ഞാന്‍. ഈ സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ വേണ്ടത്ര യാതൊരു സൗകര്യവും ഇല്ല. പല പ്രാവശ്യം എന്റെ കുട്ടിക്ക് യൂറിനറി ഇന്‍ഫക്ഷന്‍ ചികിത്സ ചെയ്തിട്ടുണ്ട്. പലപ്പോഴും ആകെയുള്ള ഒരേഒരു വളരെ ചെറിയ ഷെഡില്‍ കുട്ടികളുടെ തിരക്ക് കൊണ്ട് മൂത്രം ഒഴിക്കാതെ തന്നെ വീട്ടില്‍ വന്നു കരയുന്നു. ഈ സ്കൂളിലെ അധ്യാപികമാരും സ്കൂള്‍ വളപ്പിലുള്ള TTC പെണ്‍കുട്ടികളും തൊട്ടു പുറകിലുള്ള LP സ്കൂളിലെ പെണ്‍കുഞ്ഞുങ്ങളും എല്ലാം മൂത്രമൊഴിക്കാന്‍, സ്കൂള്‍ ഇടവേള സമയത്ത് ഇവിടെ വന്ന് തിരക്ക് കൂട്ടുന്നു. അതുമൂലം ഒട്ടുമിക്ക എല്ലാ പെണ്‍കുട്ടികളും ഇതേ ദുരിതം അനുഭവിക്കുന്നു. മാത്രമല്ല, ചെറിയ ഷെഡില്‍ പലപ്പോഴും വെള്ളവുമില്ല, വൃത്തിഹീനവുമാണ്. പെണ്കുട്ടികള്‍ക്ക് മൂത്രമൊഴിക്കാതെ ക്ലാസ്സിലിരുന്ന് പഠിക്കുവാന്‍ പോലും കഴിയുന്നില്ല. വയറുവേദന, പനി, ശര്‍ദ്ദി മുതലായവ മിക്കപ്പോഴും ഉണ്ടാകാറുണ്ട്. ഉള്ള ചെറിയ ഷെഡിലെ പരിസരം അത്ര സുരക്ഷിതവുമല്ല. ആണ്‍കുട്ടികളുടെ അനുഭവവും മറിച്ചല്ല. അവരും സ്കൂളിന്റെ തെക്കേ കെട്ടിടത്തിന്റെ പുറകു വശത്ത് ഭിത്തിമേല്‍ മൂത്രമൊഴിക്കുന്നു. അതുമൂലം ക്ലാസ് സമയത്ത് ദുര്‍ഗന്ധം ഇപ്പോഴും ഉണ്ട്. പലതവണ ഞാനും മറ്റുള്ളവരുടെ രക്ഷിതാക്കളും ചേര്‍ന്ന് പരാതി പറഞ്ഞിട്ടും സ്കൂള്‍ മാനേജരോ ഹെഡ്മാസ്റ്ററോ യാതൊരു നടപടിയും സ്വീകരിക്കാതെ പരാതി പറയുന്നവരെ അവഹേളിക്കുന്ന ഒരു സമീപനമാണ്. ദൂരെവിട്ട് പഠിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് വീട്ടിലെ സാഹചര്യം അനുവദിക്കുന്നില്ല. PTA യുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ പറയുന്നത് അവരും പറഞ്ഞു മടുത്തു എന്നാണ്. ഈ വിഷയം മനുഷ്യാവകാശ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ജില്ലയിലെ വിദ്യാഭ്യാസ ആഫീസുകളിലെല്ലാം നല്ല സ്വാധീനം ഈ മാനേജ്മെന്റിനുണ്ടെന്നറിയുന്നു. പെണ്‍ട്ടികള്‍ അനുഭവിക്കുന്ന ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പലതവണ പരാതി പറഞ്ഞിട്ടും ഫലമില്ലാത്ത ഈ മാനേജ്മെന്റിനെതിരായ നടപടി സ്വീകരിക്കണമെന്നും മുന്‍കൂട്ടി അറിയിപ്പില്ലാതെ ഒരു ഉന്നതതല സംഘം സ്കൂള്‍ സന്ദര്‍ശിച്ച് ശാശ്വത പരിഹാരം കാണുവാനും അപേക്ഷിക്കുന്നു."

No comments:

Post a Comment