Wednesday, July 20, 2016

സനിതാ ഷാജി കുവൈറ്റ്‌

12 February 2015

സ്പോണ്‍സറുടെ കള്ളക്കേസിനെ തുടര്‍ന്ന് നാട്ടിലേക്ക് വരാനാകാതെ, ജോലിയോ ആശ്രയമോ ഇല്ലാതെ കുവൈറ്റില്‍ കുടുങ്ങിക്കഴിയുന്ന കൊല്ലം സ്വദേശി ശ്രീമതി സനിതാ ഷാജിക്ക് വേണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ നല്കിയ വിവരാവകാശ അപേക്ഷ. രണ്ട് വര്‍ഷത്തിലധികം വീട്ടുജോലി ചെയ്ത ഇവര്‍ ആറു മാസം മുന്‍പ് സ്പോണ്‍സറുടെ ഉപദ്രവം സഹിക്കാനാവാതെ രക്ഷപെട്ട് ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടുകയായിരുന്നു. വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നു. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈവശവും. എങ്ങനെയെങ്കിലും സനിതയുടെ പാസ്പോര്‍ട്ട് തിരികെ വാങ്ങിക്കൊടുത്തു അവരെ ഇന്ത്യയില്‍ എത്തിക്കുവാന്‍ എംബസ്സി ശ്രമിച്ചതെ ഇല്ല.അതിനിടയില്‍ സ്പോണ്‍സര്‍ മോഷണക്കുറ്റം ആരോപിച്ച് കള്ളക്കേസും നല്‍കി. കേസുകാരണം പൊതുമാപ്പ് കിട്ടിയാല്‍ പോലും നാട്ടില്‍ വരാനാവില്ല. സനിതാ ഷാജി കുവൈറ്റില്‍ എത്തിയിട്ട് മൂന്ന്‍ വര്‍ഷമായി; അച്ഛന്‍ മരിച്ചിട്ട് പോലും നാട്ടില്‍ വരാന്‍ സാധിച്ചിട്ടില്ല. ബന്ധുക്കളാരും ഇവര്‍ക്ക് സഹായത്തിനില്ല. ഞാന്‍ ഇന്ത്യന്‍ എംബസിയിലെ കൌണ്‍സലറെ ബന്ധപ്പെട്ടപ്പോള്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ലഭിച്ചത്. കേസുള്ളതിനാല്‍ ഒരു മാസം മുതല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ കൊല്ലമോ അതില്‍ കൂടുതലോ നാള്‍ കഴിഞ്ഞേ നാട്ടിലേക്ക് വരാന്‍ സാധിക്കൂ എന്ന് അവിടുന്ന് അറിയിപ്പും കിട്ടി. മലയാളം മാത്രമറിയുന്ന, വീട്ടുജോലിക്കെത്തിയ സനിത ഷാജി , സ്വന്തമായി ലക്ഷങ്ങള്‍ കൊടുത്ത് വക്കീലിനെ വെച്ച് കേസ് വാദിച്ച് ജയിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ വരാനാകൂ എന്ന അവസ്ഥയിലാണ്. അതിനാലാണ് ഒരു വിവരാവകാശ അപേക്ഷ കൊടുക്കാം എന്ന് തീരുമാനിച്ചത്. ഒരേ സമയം, ഒരേ വിഷയത്തില്‍ ഒന്നിലധികം ആള്‍ക്കാര്‍ വിവരാവകാശ അപേക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്നും എന്നും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ സാധിക്കുമെങ്കില്‍ ഇവര്‍ക്ക് വേണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് ഒരു പരാതി ഇ-മെയിലില്‍ അയക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിലാസങ്ങള്‍ ചുവടെ. amboffice@indembkwt.org, dcm@indembkwt.org, attachelabour@indembkwt.org, counsellor@indembkwt.org,contact@indembkwt.org


12 February 2015
സനിതാ ഷാജിയുടെ മോചനം. 48 മണിക്കൂറിനകം വിവരം തരാനാകില്ല എന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി. തരണമെന്ന് ഞാനും. മൂന്ന് വര്‍ഷമായി നാട്ടില്‍ വരാനാവാതെ കുവൈറ്റില്‍ കുടുങ്ങിപ്പോയ പോയ ശ്രീമതി സനിതാ ഷാജിയെ ജന്മനാട്ടില്‍ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ഗ്രൂപ്പിന് വേണ്ടി ഇന്നലെ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ഇന്ന് ലഭിച്ച അറിയിപ്പാണ്. അതായത് മുപ്പത് ദിവസത്തിനുള്ളില്‍ മാത്രമേ മറുപടി തരികയുള്ളൂ എന്ന്. കയ്യില്‍ യാതൊരു രേഖകളും ഇല്ലാത്തതിനാലും സ്പോണ്‍സര്‍ കള്ളക്കേസ് കൊടുത്തതിനാലും കുവൈറ്റില്‍ ഒളിച്ച് താമസിക്കുന്ന സനിതയെ സംബന്ധിച്ച വിവരങ്ങള്‍ ആര്‍.ടി.ഐ സെക്ഷന്‍ 7(1) പ്രകാരം വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തേയൊ ബാധിക്കുന്നതല്ല എന്നാണ് എംബസ്സിയുടെ കണ്ടെത്തല്‍. ഈ അറിയിപ്പ് ലഭിച്ച ഉടനെ തന്നെ അപ്പീലും നല്‍കി. എന്തായാലും ഇതോടെ സനിതാ ഷാജി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയും എംബസ്സിയില്‍ ഒരു ചര്‍ച്ചാ വിഷയമാവുകയും ചെയ്തിട്ടുണ്ടാകും എന്ന് ഉറപ്പാണ്. വിവരാവകാശ അപേക്ഷ ചെന്നതിന്റെ പേരില്‍ അവരോട് എംബസ്സി അധികൃതര്‍ ഇനി എങ്ങനെ പെരുമാറും എന്നാണ് ഇനി അറിയാനുള്ളത്.

26 July 2015
കുവൈറ്റില്‍ കുടുങ്ങിപ്പോയ സനിതയുടെ മോചനത്തിനായി മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയെ കണ്ട് നിവേദനം നല്‍കി. വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുത്ത അദ്ദേഹം ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാമെന്ന് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന കേരളീയരെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളും അദ്ദേഹത്തിന് കൈമാറി. സനിതയുടെ പ്രശ്നം കഴിഞ്ഞ ദിവസമാണ് 'ഇന്ത്യാ ടുഡേ' റിപ്പോര്‍ട്ടര്‍ രേവതി രാജീവന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന്‍ അദ്ദേഹം സനിതയുടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും നേരില്‍ വന്ന് കാണാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സനിതയുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മോള്‍ ശ്രീക്കുട്ടി, മറ്റ് ബന്ധുക്കള്‍ എന്നിവരോടൊപ്പമാണ് ഇന്ന് രാവിലെ പുതുപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. മൂന്ന്‍ വര്ഷം മുന്‍പ് ഗാര്‍ഹിക ജോലിക്കായി കുവൈറ്റില്‍ പോയ സനിത, സ്പോണ്‍സര്‍ നല്‍കിയ കള്ളക്കേസിനെ തുടര്‍ന്ന്‍ ഒരു വര്‍ഷത്തിലധികമായി നാട്ടിലേക്ക് വരാനാകാതെ കുവൈറ്റില്‍ ഒളിവില്‍ കഴിയുകയാണ്. മാലെദ്വീപില്‍ നിന്നും രാജേഷിന്റെ മോചനത്തിന് ശേഷം 'റൈറ്റ് ഓഫ് റിട്ടേണ്‍' ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സനിതയുടെ വിഷയത്തിലാണ്


No comments:

Post a Comment