Wednesday, July 20, 2016

കുവൈറ്റിലെ ഷെല്‍ട്ടറില്‍ കുടുങ്ങിക്കിടക്കുന്നത് 179 ഇന്ത്യക്കാര്‍

07-JUL-2015
          കുവൈറ്റിലെ ഷെല്‍ട്ടറില്‍ കുടുങ്ങിക്കിടക്കുന്നത് 113 ഇന്ത്യന്‍ വനിതകള്‍. കൂടാതെ, 66 പുരുഷന്മാരും. ഗാര്‍ഹിക ജോലിക്കായി കുവൈറ്റിലെത്തി സ്പോണ്‍സറുടെ ഉപദ്രവം സഹിക്കാനാവാതെ രക്ഷപെട്ട് ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടിയവരാണിവര്‍. ഇവരില്‍ ഭൂരിഭാഗവും കേരളം, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് കരുതുന്നു. എന്നാല്‍ ഇവരെ യഥാസമയം തിരിച്ചയക്കാനാവശ്യമായ നടപടികള്‍ എംബസ്സിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാല്‍ അനേകമാസങ്ങളായി ജയില്‍ തുല്യമായ ഷെല്‍ട്ടറുകളില്‍ കിടന്ന് ഇവര്‍ നരകിക്കുകയാണ്. ഷെല്‍ട്ടറില്‍ കിടക്കുന്ന സ്ത്രീകളെ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് അയക്കാതെ മറ്റ് കുവൈറ്റികളുടെ വീട്ടിലേക്ക് നിയമവിരുദ്ധമായി ജോലിക്ക് അയക്കാറുണ്ട് എന്നും ഇതിനു പിന്നില്‍ സാമ്പത്തികമാണ് ലക്ഷ്യമെന്നും ഒട്ടേറെ ആരോപണങ്ങള്‍ ഉണ്ട്. വേറേയും, നിരവധി സ്ത്രീകളും പുരുഷന്മാരും കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നാട്ടിലേക്ക് വരാനാകാതെ ഒളിവില്‍ കഴിയുന്നുണ്ട്. നമ്മുടെ നേഴ്സിംഗ് സഹോദരിമാര്‍ക്ക് വിദേശത്ത് ചെറിയ ഒരു പ്രശ്നം ഉണ്ടായാല്‍ പോലും ശക്തമായ രീതിയില്‍ ഇടപെടുന്ന സര്‍ക്കാരും മീഡിയകളും ഗാര്‍ഹിക ജോലിക്കാരുടെ ഈ നരകതുല്യമായ ജീവിതം കാണാന്‍ ശ്രമിക്കുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്. മൂന്ന് വര്‍ഷമായി കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന ശ്രീമതി സനിത ഷാജിയെ തിരികെയെത്തിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.

Followup:
 വിഷയം ബഹു: മന്ത്രി കെ.സി ജോസഫ്, ഡോ: എം.കെ മുനീര്‍ എന്നിവരുടേയും നോര്‍ക്കയുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനും കുവൈറ്റ്‌ അംബാസഡറിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇ-മെയില്‍ സന്ദേശവും അയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഞാന്‍ അയച്ച മെയിലിന് കുവൈറ്റ്‌ അംബാസഡറും പ്രവാസ കാര്യ വകുപ്പ് മന്ത്രി കെ.സി. ജോസഫും പ്രതികരിച്ചിരുന്നു. നടപടി എടുത്ത് വരുന്നതായി മന്ത്രി കെ.സി ജോസഫിന്റെ ഓഫീസ് അറിയിച്ചു.





No comments:

Post a Comment