Monday, July 25, 2016

മാലിദ്വീപിലേക്ക് മനുഷ്യക്കടത്തെന്ന് ഇന്ത്യന്‍ എംബസി

    ത്തരാഖണ്ഡില്‍ നിന്നും മാലിദ്വീപിലേക്കുള്ള മനുഷ്യക്കടത്ത് തടയുന്നതിനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും വിവരാവകാശ നിയമപ്രകാരം ഇടപെടണമെന്ന് മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും ഇന്ന് വൈകുന്നേരം വിളിച്ചഭ്യര്‍ത്ഥിച്ചത് ഒരു നിയോഗം പോലെയാണ് എനിക്ക് തോന്നിയത്. അല്ലെങ്കില്‍ തന്നെ, രണ്ട് മാസം മുന്‍പ്, അന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ജയചന്ദ്രന്‍ മാഷിന് വേണ്ടി മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഞാനും ധനരാജും വിവരാവകാശ അപേക്ഷ നല്കിയപ്പോള്‍ ഒരിക്കലും നിനച്ചിരുന്നില്ലല്ലോ മാലിയില്‍ തടവില്‍ കഴിയുന്ന റുബീന എന്ന സഹോദരിക്ക് വേണ്ടിയും ഇടപെടേണ്ടി വരുമെന്ന്. റുബീനയുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിലൂടെയാണ് മാലിയില്‍ ആരുമില്ലാതെ തളര്‍ന്ന് കിടക്കുന്ന നബീസ ബീവിയുടെ കഥ പുറത്ത് കൊണ്ടുവരാനായതും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതും. ഏറ്റവും ഒടുവിലായി ഇപ്പോള്‍, മനുഷ്യക്കടത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പ്രതികരിക്കുവാന്‍ മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. അന്യരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മലയാളികള്‍ ഇതിനിടയില്‍ ഫോണിലും ഫേയ്സ്ബുക്കിലും എന്നെ ബന്ധപ്പെടുകയുണ്ടായി. വിവരാവകാശികള്‍ എന്ന നമ്മുടെ ഗ്രൂപ്പില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചു. വിവിധ കാരണങ്ങളാല്‍ അന്യരാജ്യത്ത് അകപ്പെട്ട് പോയവരെ ജന്മനാട്ടില്‍ തിരികെ എത്തിക്കുന്നതിനായി ഒരു മിഷന്‍ ആയി ഒരുമിച്ച് മുന്നോട്ട് നീങ്ങുവാന്‍, മൈനയുടെ ഇടപെടല്‍ മൂലം, ബഹു: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: എം.കെ മുനീര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നുള്ളതുമാണ്. ഉത്തരവാദിത്വങ്ങള്‍ അനുദിനം കൂടുമ്പോഴും പ്രതീക്ഷകള്‍ നിറവേറ്റാനാകുമെന്ന് തന്നെയാണ് മനസ്സ് പറയുന്നത്.


No comments:

Post a Comment