Wednesday, July 20, 2016

ഒന്നാം അപ്പീല്‍ കൊടുമുണ്ട ഹൈസ്കൂള്‍

TO
      DEO,
      DISTRICT EDUCATIONAL OFFICE,
      OTTAPALAM
   
വിഷയം: അടിസ്ഥാനസൗകര്യങ്ങളെ സംബന്ധിച്ച് പാലക്കാട് ജില്ലയിലെ പട്ടാമ്പി ഗവ: ഹൈസ്കൂളില്‍   സമര്‍പ്പിച്ച  വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയെ  സംബന്ധിച്ച് സമര്‍പ്പിക്കുന്ന അപ്പീല്‍ അപേക്ഷ.

Sir,
      എതിര്‍ കക്ഷി:
                   State Public Information Officer,
                   Govt. High School, 
                   Pattambi, Palakkadu - 679 303
                         
         ഞാന്‍ ഒരു സഞ്ചാരിയും ഫോട്ടോഗ്രാഫറും സാമൂഹ്യപ്രവര്‍ത്തകനും ആണ്.  എട്ട് വര്‍ഷമായി ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. ടി സ്കൂളിലെ  അടിസ്ഥാന സൗകര്യങ്ങളുടെ അതിദയനീയമായ അവസ്ഥയെ കുറിച്ച് മനസ്സിലാക്കിയ ശേഷം അതിനെക്കുറിച്ച് ഞാന്‍ 05/10/13-ല്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച അലസവും, അപൂര്‍ണ്ണവും, തെറ്റിദ്ധരിപ്പിക്കുന്നതും, തെറ്റായതുമായ മറുപടിയാണ് ഈ പരാതിക്ക് ആധാരം. 

I. ടോയ്ലെറ്റുകളേയും ജലലഭ്യതയേയും സംബന്ധിച്ച ഒന്ന് മുതല്‍ മൂന്നു വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി പ്രവൃത്തി സമയങ്ങളില്‍ എല്ലായ്പ്പോഴും  വെള്ളം/കുടിവെള്ളം ലഭ്യമാകാറുള്ളതായും എല്ലാം ടോയ്ലെറ്റുകളും നല്ല ശുചിത്വവുമുള്ളയാണെന്നും   പട്ടാമ്പി ഗവ:ഹൈസ്കൂളിലെ വിവരാവകാശ ഓഫീസര്‍  മറുപടി നല്കിയിരിക്കുന്നു.  എന്നാല്‍ വിവരാവകാശ അപേക്ഷ കൊടുക്കുവാന്‍ ചെന്ന വേളയില്‍ വെള്ളമില്ലാത്ത ടോയ്ലെറ്റുകളുടെ മോശമായ അവസ്ഥ ഞാന്‍ നേരിട്ടും വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും കേട്ടും മനസ്സിലാക്കിയിട്ടുള്ളതാണ്.   ഈ സ്കൂളില്‍ ഇപ്പോഴും പഴയ  അവസ്ഥ  തന്നെയാണെന്നാണ് അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും എനിക്ക് ലഭിച്ച വിവരം.
   
II. നാലാം ചോദ്യമിതാണ്:
"പൊതുവിഷയ തല്പരനായ ഒരു പൗരന്‍ എന്ന നിലയില്‍, ഏതൊരു പ്രവൃത്തി ദിവസത്തിലും താങ്കളുടെ വിദ്യാലയത്തിലെ എല്ലാ മൂത്രപ്പുരകളുടേയും എല്ലാ ടോയ്ലെറ്റുകളുടേയും അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കുവാനും അവയുടെ  തത് സ്ഥിതി   ക്യാമറയില്‍ പകര്‍ത്തുവാനും എനിക്കോ  ഞാന്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കോ   അനുവാദം  നല്‍കുമോ?
               4. എ. ഇല്ലെങ്കില്‍ അതിനുള്ള കാരണം?"

ലഭിച്ച മറുപടി:
    4.  ഈ ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല.

 നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ  പ്രധാന അധ്യാപകന്റെ വിവേചന അധികാരമുപയോഗിച്ചോ നാലാം നമ്പര്‍ ചോദ്യത്തില്‍ ഉന്നയിച്ച ആവശ്യത്തിന്റെ  സാമൂഹ്യപ്രസക്തിയെ കരുതിയോ വിവരാവകാശ ഓഫീസര്‍ മറ്റു ചോദ്യങ്ങള്‍ക്ക്‌ നല്കിയ മറുപടികളുടെ  സത്യാവസ്ഥ അപേക്ഷകനെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയോ ടി ആവശ്യത്തിന് അനുവാദം തരാനാകുമോ എന്നാണു വിവരാവകാശ ഓഫീസര്‍ പരിശോധിക്കേണ്ടിയിരുന്നത്.   വിവരാവകാശ നിയമപ്രകാരം  അനുവാദം തരണം എന്നല്ല മറിച്ച് ഏതെങ്കിലും വകുപ്പ് പ്രകാരം അനുവാദം തരുമോ എന്നാണ് ചോദിച്ചിരിക്കുന്നത്.   ആയതിനാല്‍   അനുമതി നിഷേധിക്കാന്‍ ചോദ്യം  'വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല ' എന്ന കാരണം അംഗീകരിക്കാനാവുന്നതല്ല.

    നിയമത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കുപരിയായി ,  ഇവിടെ പരിഗണിക്കേണ്ടത് ടോയ്ലെറ്റുകളുടെ അവസ്ഥ നേരില്‍ കണ്ടു മനസ്സിലാക്കാന്‍ എനിക്ക് അനുമതി തരില്ല എന്ന്  പൊതു അധികാരികള്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമാണ്.  വിവരാവകാശത്തിനുള്ള മറുപടിയില്‍ അധികാരി പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍,  തീര്‍ച്ചയായും  നേരില്‍ പരിശോധിക്കുമ്പോള്‍ എനിക്കത് ബോദ്ധ്യപ്പെടുകയും ടോയ്ലെറ്റുകളുടെ ശോചനീയമായ അവസ്ഥ ക്യാമറയില്‍ പകര്‍ത്തിയശേഷം ഞാന്‍ തുടര്‍നടപടികള്‍  സ്വീകരിക്കുമെന്നും അധികാരികള്‍ ഭയപ്പെടുന്നു.  തെളിവുകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും എന്നെ തടയുന്നതിന്  വേണ്ടി മാത്രമാണ് ഇത്തരമൊരു അനുവാദം തരാതിരുന്നത് എന്നതാണ് സാമാന്യബോധത്തിന് നിരക്കുന്ന യുക്തി.

III. എട്ടാം നമ്പര്‍ ചോദ്യമിതാണ്.
"8. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് (IN WP No.631/04 Dated 03/10/2012) താങ്കളുടെ സ്ഥാപനത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ? ടി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് ഇന്നുവരെ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുക."

ലഭിച്ച മറുപടി:  
    8.  മേല്‍ ഉത്തരവിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വളരെ സുപ്രധാനമായ ടി ഉത്തരവ്,  ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും സ്കൂളുകളിലേക്ക് അയച്ച് കൊടുത്തിട്ടില്ല എന്ന് കരുതാനാവില്ല. കാരണം, ടി കോടതി  ഉത്തരവിനെ സംബന്ധിച്ച വിവരങ്ങള്‍ 27/10/2012, 17/11/2012, 02/01/2013 തീയതികളില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എല്ലാ പ്രിന്‍സിപ്പാളുമാര്‍ക്കും അയച്ചിട്ടുള്ളതാണ്. അങ്ങനെ നോക്കിയാല്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍  നിന്നും എല്ലാ ഹൈസ്കൂളുകളിലേക്കും ടി കോടതിവിധിയെ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടായിരുന്നിരിക്കണം.

IV. അവസാനത്തെ ചോദ്യമിതാണ്.
"12.  എനിക്കും എന്നോടൊപ്പമുള്ള  പ്രതിനിധികള്‍ക്കും (പരമാവധി 5 പേര്‍), എന്റെ അഭാവത്തില്‍ ഞാന്‍ രേഖാമൂലം  ചുമതലപ്പെടുത്തുന്ന  പ്രതിനിധികള്‍ക്കും (പരമാവധി 5 പേര്‍) ഈ അധ്യയന വര്‍ഷത്തിലെ ഏതൊരു പ്രവൃത്തിദിവസവും സ്കൂള്‍ സന്ദര്‍ശിക്കുവാനും താഴെ പറയുന്ന കാര്യങ്ങള്‍ക്കും  വിവരാവകാശ നിയമപ്രകാരം  അനുവാദം തരണമെന്ന്  അപേക്ഷിക്കുന്നു:
       12.a) ക്ലാസ്സുകള്‍, യോഗങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള അനുവാദം.
       12.b) അധ്യാപകര്‍ സ്കൂളില്‍ എത്തുന്ന സമയവും പോകുന്ന സമയവും  രേഖപ്പെടുത്തുന്നതിനുള്ള അനുവാദം.
      12.c) സ്കൂളിലെ എല്ലാവിധ രേഖകളും കമ്പ്യൂട്ടറുകളും പരിശോധിക്കുന്നതിനും ആവശ്യമായ വിവരത്തിന്റെ പകര്‍പ്പ് എടുക്കുന്നതിനും ഉള്ള അനുവാദം.
      12.d) കഞ്ഞിപ്പുരയും കഞ്ഞി ഉണ്ടാക്കുന്ന വിധവും ക്യാമറയില്‍ പകര്‍ന്നതിനുള്ള  അനുവാദം.
      12.e)  ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന, സ്കൂളിന്റെ ഏതൊരു പോരായ്മയും രേഖപ്പടുത്തുന്നതിനും ക്യാമറയില്‍ പകര്‍ത്തുന്നതിനും ഉള്ള അനുവാദം."
ലഭിച്ച മറുപടി:
    12.  ഈ ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല.  അനുവാദത്തിന് മേലധികാരികളെ സമീപിക്കാവുന്നതാണ്

ടി ചോദ്യങ്ങളില്‍ 12.a-യില്‍  സംശയം ഉണ്ടാകാമെങ്കിലും 12.c പൂര്‍ണ്ണമായും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. 12.b, d, e എന്നീ ചോദ്യങ്ങള്‍ക്ക് അനുവാദം തരാതിരിക്കാതിരിക്കുവാനുള്ള കാരണങ്ങളേക്കാള്‍ ടി വിവരങ്ങളിലുള്ള പൊതുജന താല്പര്യവും വിഷയത്തിന്റെ സാമൂഹ്യപ്രസക്തിയും കണക്കിലെടുത്ത്  അനുമതി തരേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്ന് മാത്രമല്ല വിവരം പൂര്‍ണ്ണമായും നിഷേധിച്ച ഈ ചോദ്യങ്ങള്‍ക്ക് ഒന്നിന് പോലും അതിന്റെ കാരണം, പൊതു അധികാരി വ്യക്തമാക്കിയിട്ടില്ല.  ചോദ്യം 12.a ഉന്നയിച്ചതിന് പിന്നിലുള്ള പൊതുജന താല്പര്യം താഴെ പറയുന്നവയാണ്. 
പല അധ്യാപകരും സ്കൂളില്‍ വളരെ താമസിച്ചാണ് വരുന്നത്. സ്കൂളില്‍ വന്നാല്‍ തന്നെ പല അധ്യാപകരും സമയത്ത് ക്ലാസ്സില്‍ പോകാറില്ല.
പല ക്ലാസ്സിലും കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ ആവശ്യത്തിന് ബെഞ്ച്‌, ഡസ്ക്ക് എന്നിവയില്ല.
സ്ഥിരജീവനക്കാരായ പല അധ്യാപകരും തങ്ങള്‍ എടുക്കേണ്ട ക്ലാസുകള്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപകരെ കൊണ്ട് എടുപ്പിക്കുന്ന പ്രവണത കൂടി വരുന്നതായി കാണുന്നു.
ഹൈസ്കൂളുകളിലും മറ്റും വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന പാല്‍, മുട്ട എന്നിവ ഇടവേളയില്‍ കൊടുക്കുന്നതിന് പകരം ക്ലാസ്സ്‌ സമയത്താണ് വിതരണം ചെയ്യുന്നത്. അത്രയും സമയം പഠിപ്പിക്കാതെ രക്ഷപെടാമല്ലോ.

ടി സ്കൂളില്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടികളില്‍ നിന്നും എനിക്ക് ബോദ്ധ്യപ്പെട്ട ഒരു കാര്യം ടി പൊതുഅധികാരി വിവരാവകാശ നിയമത്തെ കുറിച്ച് ഒന്നുകില്‍ തികഞ്ഞ അജ്ഞനാണ് അല്ലെങ്കില്‍ അവര്‍ അതിനെ അങ്ങേയറ്റം ലാഘവത്തോടെയാണ് കണ്ടിട്ടുള്ളത്. രണ്ടായാലും ഈ അവസ്ഥ അപകടകരമാണ്. 

ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയുടെ പകര്‍പ്പും   ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന മറ്റു രേഖകളുടെ പകര്‍പ്പുകളും ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നു. ഈ പരാതി പരിഗണിച്ച്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന എല്ലാ നടപടികകളും എടുക്കണമെന്നും ഇത്തരം പ്രവൃത്തികള്‍ മേലില്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി ഞാന്‍ അപേക്ഷിക്കുന്നു. തെറ്റായി മറുപടി നല്കിയ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അവയ്ക്ക് സത്യസന്ധമായ മറുപടി തരണമെന്ന് പൊതുഅധികാരിക്ക്‌ നിര്‍ദ്ദേശം കൊടുക്കണമെന്നും ദയവായി അപേക്ഷിക്കുന്നു.
                        കൂടാതെ, എനിക്ക് തന്ന മറുപടിയില്‍ അപ്പീല്‍ അധികാരിയുടെ വിവരങ്ങള്‍ പോലും   തെറ്റായിട്ടാണ്  ടി പൊതുഅധികാരി നല്‍കിയിരിക്കുന്നത്.
                      
ഈ അപേക്ഷ സമര്‍പ്പിക്കുവാന്‍ കാലതാമസം ഉണ്ടായത് മനപ്പൂര്‍വ്വമല്ല. ഒരു തെറ്റിദ്ധാരണ മൂലം ഒന്നാം അപ്പീല്‍ നല്‍കാതെ നേരിട്ട് വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീല്‍ നല്കിയത് മൂലമാണത് സംഭവിച്ചത്. ഇത് സംബന്ധിച്ച് വിവരാവകാശ കമ്മീഷനില്‍ നിന്നും ലഭിച്ച കത്തിന്റെ പകര്‍പ്പും  ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

                                                     വിശ്വസ്തതയോടെ
Bangalore
28-01-2014                                          മഹേഷ് വിജയന്‍

No comments:

Post a Comment